
ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ പഴയ വിവാദ ട്വീറ്റുകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. രാജ്യത്തിന്റെ ഭൂപടം തെറ്റായ രീതിയില്‍ ട്വീറ്റ് ചെയ്തതാണ് വിവാദമായത്. ആറ് വര്‍ഷം മുമ്പ് അഖണ്ഡ ഭാരതം എന്ന് വിശേഷിപ്പിച്ചാണ് രാജ്യത്തിന്റെ തെറ്റായ ഭൂപടം അദ്ദേഹം പങ്കുവെച്ചത്.

ഇന്ത്യയുടെ നിലവിലെ പ്രധാന ഭാഗങ്ങളും പ്രദേശങ്ങളും ഇല്ലാത്ത ഭൂപടമായിരുന്നു അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ലഡാക്കിന്റെ ഭാഗങ്ങളും പാക്കിസ്ഥാന്‍ പിടിച്ചെടുത്ത പ്രദേശങ്ങളും പങ്കുവെക്കപ്പെട്ട ഭൂപടത്തില്‍ ഇല്ലായിരുന്നു. ബി ജെ പി നേതാവിന്റെ ഈ ചെയ്തി അന്നുതന്നെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയില്‍ കൊടുക്കുന്നത് പലപ്പോഴും വിവാദമാകാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ട്വിറ്ററിനെതിരെ കേസുകളെടുത്തിരുന്നു. നാല് മാസത്തിനിടെ ഉത്തരാഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയാകുന്നയാളാണ് 45കാരനായ ധാമി.
