
കോഴിക്കോട്: കോഴ വിവാദത്തില്‍ പെട്ട ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ഐ.എന്‍എല്‍ മുന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടതു മുന്നണി പ്രവേശത്തിനു മുന്‍പും ശേഷവും വിവിധ സ്ഥാനമാനങ്ങള്‍ ലഭിക്കുമ്പോള്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായി അദ്ദേഹം ദുരുപയോഗം ചെയ്തു. മന്ത്രിയെ പോലും പിന്‍തള്ളിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഇത് എല്‍.ഡി.എഫ് നേതൃത്വം ഗൗരവമായി കാണണം. പാര്‍ട്ടിയില്‍ ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ ഉടന്‍ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്നും മുന്‍ ഭാരവാഹികളായ ഐ.എന്‍എല്‍ മുന്‍ സംസ്ഥാന സെക്രട്ടറിമാരായ കെ.പി ഇസ്മാഈല്‍, സെക്രട്ടേറിയറ്റ് മെമ്പര്‍ എം.കോം നജീബ്, ജലീല്‍ പുനലൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിസന്ധിയിലൂടെ കാല്‍ നൂറ്റാണ്ടു നീങ്ങിയ പാര്‍ട്ടിക്കു നേതൃത്വം നല്കിയ നിരവധി പേരാണ് കാസിം ഇരിക്കൂര്‍- ദേവര്‍ കോവില്‍ ടീം പുറത്താക്കിയത്. കാസിം ഇരിക്കൂര്‍ പതിവായി കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്കു യാത്ര ചെയ്യുന്നത് വിമാനത്തിലാണ്. പ്രോട്ടോകോള്‍ കാറ്റില്‍ പറത്തിയാണ് കാസിം ഇരിക്കൂര്‍ മന്ത്രി അഹമദ് ദേവര്‍ കോവിലിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നത്. പി.എസ്.സി കോഴയുമായി ബന്ധപ്പെട്ട വിഷയത്തില്‍ 15 പേരെ ഇന്റര്‍വ്യൂ ചെയ്‌തെന്ന അവകാശവാദം ഗൗരവതരമാണ്. ആര് എപ്പോള്‍ എവിടെ ഇന്റര്‍വ്യൂ നടത്തിയെന്നത് വ്യക്തമാക്കണം. നിയമസഭ തെരഞ്ഞെടുപ്പിന്റെ മറവില്‍ കോടികളാണ് കണക്കില്ലാതെ പാര്‍ട്ടി പിരിച്ചെടുത്തതെന്നും നേതാക്കള്‍ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക ഘടകമായി റിഹാബ് ഫൗണ്ടേഷന്റെ ദേശീയ ഉപാധ്യക്ഷനായ സുലൈമാന്‍ ആണ് ഐ.എന്‍.എലിന്റെ ദേശീയ പ്രസിഡന്റ്. ധനികനായി ജനിച്ച് ഫഖീറായി മരിച്ച സുലൈമാന്‍ സേട്ടു സാഹിബിന്റെ പേരിലുള്ള പാര്‍ട്ടിക്കാണ് ഈ ദുര്‍ഗതിയെന്നും ഇവര്‍ ആരോപിച്ചു.

