റഹീമിന്റെ ജമാഅത്ത് വിമര്‍ശനം: മുസ്ലിം വിരുദ്ധതയെ ഉപയോഗപ്പെടുത്താനുള്ള ശ്രമമെന്ന സോളിഡാരിറ്റി

Web Desk
2 Min Read

കോഴിക്കോട്: കെ-റെയില്‍ നടപ്പാക്കാനുള്ള ഇടതുപക്ഷ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വ്യത്യസ്ഥ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജമാഅത്തെ ഇസ്ലാമിയാണ് പദ്ധതിക്ക് എതിരായ നിലപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ പരാമര്‍ശം എതിര്‍പ്പുകളെ മറികടക്കാനുള്ള കുത്സിത ശ്രമമാണെന്ന് സോളിഡാരിറ്റി നേതാക്കള്‍. ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ഇതുവരെ നിലപാട് പറഞ്ഞിട്ടില്ലാ എന്നിരിക്കെ ജമാഅത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഈ കാമ്പയിന്‍ ദുരുദ്ദേശപരമാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള പരിസ്ഥിതി ഐക്യവേദി, സമര സമിതികള്‍ തുടങ്ങി വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇവരൊന്നും ജമാഅത്തുമായി ബന്ധമുള്ളവരല്ല. റഹീമിന്റെ ആരോപണം കുറച്ചുകാലമായി കേരളത്തില്‍ ഇടതുപക്ഷം വളര്‍ത്തിക്കൊണ്ടുവരുന്ന ധ്രുവീകരണ അജണ്ടയുടെ ഭാഗമായിട്ടുള്ളതാണ്. കഴിഞ്ഞ തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയ ജമാഅത്ത് വിരുദ്ധ കാമ്പയിനുകളും അതിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചതും ജമാഅത്തെ ഇസ്ലാമി വിമര്‍ശനത്തിലൂടെ മുസ്ലിം വിരുദ്ധത വളര്‍ത്തിക്കൊണ്ടുവരികയും ജമാഅത്തിനെ യു.ഡി.എഫിനോട് ചേര്‍ത്ത് പറഞ്ഞുകൊണ്ട്, മുസ്ലിം പ്രീണന നയമാണ് യു.ഡി.എഫ് പിന്തുടരുന്നത് എന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നതിലൂടെ ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടും, ക്രിസ്ത്യന്‍ വോട്ടുകളും നേടിയെടുക്കുക എന്ന ഉദ്ദേശ്യം അതിനുപിന്നിലുണ്ടായിരുന്നു.
കെ-റെയിലിന്റെ പദ്ധതി രേഖയും (DPR) പാരിസ്ഥിതിക അഘാത പഠനവും (EIA) പുറത്തുവിടുകയും ഇപ്പോള്‍ നടത്തിയിട്ടുള്ള തട്ടിക്കൂട്ട് പഠനങ്ങള്‍ക്കുപ്പുറത്ത് കൃത്യമായ പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് വിശദമായ ചര്‍ച്ചക്ക് വിധേയമാക്കേണ്ടതാണ്. പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കൃത്യമായ പരിഹാരം മുന്നോട്ടുവെക്കാനും സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ജനവാസ മേഖലകളെ വലിയ തോതില്‍ ബാധിക്കുന്ന പദ്ധതിയുടെ അലൈന്‍മെന്റുമായി ബന്ധപ്പെട്ട് വിവിധ ജനപ്രതിനിധികള്‍ അടക്കം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുള്ളതുമാണ്. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പരിഷത്ത് അടക്കമുള്ള സംഘടനകളും പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകരും ഉന്നയിച്ചിട്ടുമുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ആശങ്കകള്‍ ദൂരീകരിക്കാനോ പ്രശ്നങ്ങള്‍ കൃത്യമായ പരിഹാരം കാണാനോ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാറിന്റെ പരാജയവും കോര്‍പറേറ്റ് താല്‍പര്യവും മറച്ചുവെക്കാന്‍ സംഘ്പരിവാറിനെ തോല്‍പിക്കുന്ന തരത്തില്‍ കേരളത്തില്‍ കുറച്ചുകാലമായി ഇടതുപക്ഷം വളര്‍ത്തിയെടുത്ത മുസ്ലിംവിരുദ്ധ വിദ്വേഷത്തെ ഉപയോഗപ്പെടുത്തുകയാണ് യുവജന നേതാവ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പൊതുസമൂഹം പ്രതികരിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സുഹൈബ് സി.ടി,സെക്രട്ടറി ഡോ. അലിഫ് ഷുക്കൂര്‍,ഷബീര്‍ സി.കെ എന്നിവര്‍ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!