

മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെ വി റാബിയ അന്തരിച്ചു. 59 വയസ്സായിരുന്നു.

തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമായ കെ വി റാബിയ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാക്ഷരത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് 2022ലാണ് രാജ്യം റാബിയയെ പത്മശ്രീ നല്‍കി ആദരിച്ചത്.

ശാരീരിക പരിമിതികളെ മറികടന്ന് 1990ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് റാബിയ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്നാണ് റാബിയയുടെ ആത്മകഥയുടെ പേര്. 2014ല്‍ സംസ്ഥാന സര്‍ക്കാറിന്റെ ‘വനിതാരത്‌നം’ അവാര്‍ഡ് നേടിയിരുന്നു.
ചക്രക്കസേരയിലിരുന്നാണ് റാബിയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തിരൂരങ്ങാടി വെള്ളിലക്കാട് കറിവേപ്പില്‍ മൂസക്കുട്ടി ഹാജിയുടേയും ബിയ്യാച്ചുട്ടി ഹജ്ജുമ്മയുടേയും മകളായി 1966 ഫെബ്രുവരി 25നാണ് റാബിയ ജനിച്ചത്. കാലിന് വൈകല്യത്തോടെയാണ് ജനിച്ചതെങ്കിലും പതിനാലാം വയസ്സിലാണ് കാലുകള്‍ നിശ്ചലമായത്.
പ്രീഡിഗ്രി പൂര്‍ത്തിയാക്കാനായില്ലെങ്കിലും പിന്നീട് വീട്ടിലിരുന്ന് സ്വയം പഠിച്ച് ബിരുദങ്ങള്‍ സമ്പാദിച്ചു. വനിതാ ക്ലബ്, യൂത്ത് ക്ലബ് തുടങ്ങിയവ സ്ഥാപിച്ച റാബിയ വികലാംഗരുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
2000ല്‍ അര്‍ബുദം ബാധിച്ചെങ്കിലും ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങി.

