

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതോടെ എയര്‍ ഇന്ത്യയുടെ കൃത്യനിഷ്ഠയില്‍ മികവ് കണ്ടെത്തി തുടങ്ങിയെന്ന് ് സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ കണക്കുകള്‍. ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരബാദ് എന്നീ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ് കൃത്യനിഷ്ഠയില്‍ 28 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതോടെ കൂടുതല്‍ ആവേശത്തോടെയാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ജോലി ചെയ്യാന്‍ വലിയ പ്രചോദനങ്ങളൊന്നും ജീവനക്കാര്‍ക്ക് ഇല്ലായിരുന്നുവെന്നും ഇപ്പോഴങ്ങനെയല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിമാനങ്ങളുടെ ഓണ്‍ ടൈം പെര്‍ഫോമന്‍സിലെ മികവ് സൂചിപ്പിക്കുന്നത് ജീവനക്കാരുടെ ആവേശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2022 ജനുവരിയിലാണ് എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. അതിനുമുമ്പ് 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ നാല് മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യയുടെ ശരാശരി 71.5 ശരാശരി വിമാനങ്ങളാണ് കൃത്യസമയത്ത് എത്തിയത്. എന്നാല്‍ 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവില്‍ 91.3 ശതമാനം വിമാനങ്ങളാണ് കൃത്യത പാലിച്ചതെന്നാണ് സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

