

മലപ്പുറം: മെയ് രണ്ടിന് നിശ്ചയിച്ചിരുന്ന സന്തോഷ് ട്രോഫി ഫൈനല്‍ മത്സരം ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മെയ് മൂന്നാം തിയ്യതിലേക്ക് മാറ്റാന്‍ ആലോചന. ഇതുസംബന്ധിച്ച് സന്തോഷ് ട്രോഫി സംഘാടക സമിതിയുടെ ആവശ്യം ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷനു മുമ്പില്‍ വെച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഫൈനല്‍ തിയ്യതിയില്‍ തീരുമാനമാകും.

കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ മെയ് മൂന്നിനായിരിക്കുമെന്ന കണക്കു കൂട്ടലിലാണ് തിയ്യതി മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. പെരുന്നാളിന് തലേദിവസം രാത്രി കളി വരുന്നത് ആളുകള്‍ എത്തുന്നതിനെ ബാധിക്കുമെന്നതിനാല്‍ പെരുന്നാള്‍ ദിവസമോ പെരുന്നാള്‍ പിറ്റേന്നോ ആയാല്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്ന കണക്കു കൂട്ടലാണ് സംഘാടക സമിതിക്കുള്ളതെന്ന് സന്തോഷ് ട്രോഫി ഇവന്റ് കോര്‍ഡിനേറ്റര്‍ യു ഷറഫി പറഞ്ഞു.

ഏപ്രില്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ സമയത്തിലും മാറ്റം വന്നിട്ടുണ്ട്. രാത്രി എട്ട് മണിക്ക് തീരുമാനിച്ചിരുന്ന സെമിഫൈനല്‍ മത്സരങ്ങള്‍ എട്ടരയിലേക്കാണ് മാറ്റിയത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് രണ്ട് സെമിഫൈനല്‍ മത്സരങ്ങളും അരങ്ങേറുന്നത്. 28ന് ആദ്യ സെമിയില്‍ കേരളം കര്‍ണാടകയേയും 29ന് രണ്ടാം മണിപ്പൂര്‍ വെസ്റ്റ് ബംഗാളിനേയും നേരിടും.

