കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ എം എസ് എം ഇ ആക്ടിവിറ്റീസ് ഉദ്ഘാടനം ചെയ്തു

Web Desk
2 Min Read

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ എം എസ് എം ഇ ആക്ടിവിറ്റീസ് 2026- 27 കേരള വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനിഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ഗവണ്‍മെന്റ് എം എസ് എം ഇ വിഭാഗം നാഷണല്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് ഗ്രേസ് റെജി വിശിഷ്ടാതിഥിയായിരുന്നു.

city exchange

തൊഴിലന്വേഷിക്കുന്നവരില്‍ നിന്ന് തൊഴില്‍ സൃഷ്ടിക്കുന്നവരായി മാറുന്ന മനോഭാവമാണ് കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ മാറ്റം സൃഷ്ടിക്കുന്നതെന്ന് എ പി എം ഹനീഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാന്‍ തയ്യാറാകുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നും എല്ലാവരും വിജയിക്കില്ലെങ്കിലും പരാജയങ്ങളില്‍ നിന്നുള്ള പാഠം ഭാവിയില്‍ വിജയം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യസംസ്‌കരണ, സമുദ്രോത്പന്ന സംസ്‌കരണ, മെഡിക്കല്‍ ടെക്നോളജി, വസ്ത്രനിര്‍മാണ മേഖലകളില്‍ കേരളം ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. മെഡിക്കല്‍ ടെക്‌നോളജി മേഖലയില്‍ ഇന്ത്യയിലെ കമ്പനികളുടെ ആകെ വിറ്റുവരവിന്റെ 24 ശതമാനവും കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ശക്തിയുള്ള ആറോ ഏഴോ പ്രധാന മേഖലകളെ കേന്ദ്രീകരിച്ച് കൂടുതല്‍ ശ്രദ്ധയോടെ ഈ രംഗത്ത് മുന്നേറേണ്ടതുണ്ടെന്നും എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

പ്രതിരോധം, വ്യോമയാനം, ഹരിതോര്‍ജം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ മേഖലകളിലും കേരളത്തിന് വലിയ സാധ്യതകളുണ്ട്. ഉത്തരവാദിത്വമുള്ള നിക്ഷേപവും പരിസ്ഥിതി സൗഹൃദ വ്യവസായവുമാണ് കേരളത്തിന്റെ മുഖമുദ്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിത വ്യവസായമെന്നു പറയുമ്പോള്‍ യൂറോപ്പിലുള്ളവരും അമേരിക്കക്കാരും കേരളത്തെ കുറിച്ചാണ് ചിന്തിക്കുന്നതെന്നും പ്രസ്തുത അവസരം പരമാവധി പ്രയോജനപ്പെടുത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

വലിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാധിക്കാതെ പോയത് കേരളത്തിലെ ചെറുകിട സംരംഭകര്‍ക്ക് സാധിക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്ന് ഗ്രേസ് റെജി പറഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിലുമുള്ള ചില വ്യവസായ മേഖലകളില്‍ കാണുന്നതുപോലെ മലിനീകരണവും ക്രമരഹിതമായ വികസനവുമല്ല കേരളത്തില്‍ കാണാന്‍ കഴിയുന്നതെന്നും ഇവിടെ വ്യവസായവും പ്രകൃതിയും മനോഹരമായി സമന്വയിപ്പിച്ചിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വ്യവസായ വികസനം സാധ്യമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ആസൂത്രണത്തെ അഭിനന്ദിക്കുന്നതായും ഗ്രേസ് റെജി വിശദമാക്കി.

കെ എം എ പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് അധ്യക്ഷത വഹിച്ചു. ജോബി ജോര്‍ജ്ജ് പ്രസംഗിച്ചു. കെ എം എ എം എസ് എം ഇ ഇനീഷ്യേറ്റീവ് ചെയര്‍ കെ വി ജോസ് സ്വാഗതവും കെ എം എ ഹോണററി സെക്രട്ടറി ലേഖ ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

എല്ലാ മാസവും അവാസനത്തെ ശനിയാഴ്ച കെ എം എയില്‍ എം എസ് എം ഇ ക്ലിനിക്ക് സംഘടിപ്പിക്കും. ക്ലിനിക്കില്‍ എം എസ് എം ഇ ഡിപ്പാര്‍ട്ട്മെന്റ്, എന്‍ എസ് ഐ സി, ഐ സി എ ഐ, വ്യവസായ രംഗത്തെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കെ എം എയുടെ പുതിയ ആക്ടിവിറ്റിയുടെ ഭാഗമായി എം എസ് എം ഇ മേഖലയിലെ ഏറ്റവും മികച്ച വനിതാ സംരംഭകയ്ക്ക് പുരസ്‌ക്കാരം നല്‍കും. എം എസ് എം ഇ മേഖലയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിനും ഈ വര്‍ഷം മുതല്‍ പുരസ്‌ക്കാരം നല്‍കുമെന്നും കേരള മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!