
കെയ്‌റോ: സൗദി അറേബ്യയിലെ നജ്റാന്‍ മേഖലയെയും യെമനിലെ മാരിബ്, ഹദ്രമൗത്ത് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ സേനയുടെ നിലയങ്ങളെയും ലക്ഷ്യമിട്ട് ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ ഫഹ്മി പുറത്തിറക്കിയ പ്രസ്താവനയില്‍, സൗദി അറേബ്യയുടെ പരമാധികാര പ്രദേശങ്ങളെ ലക്ഷ്യമിട്ട് സാധാരണ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടികളും യെമനിലെ തുടര്‍ച്ചയായ ആക്രമണങ്ങളും സൈനിക ഏറ്റുമുട്ടലുകളുടെ വ്യാപനവും അതീവ അപകടകരമായ സാഹചര്യമാണെന്ന് വ്യക്തമാക്കി. ഇത് മേഖലയുടെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്നതോടൊപ്പം സംഘര്‍ഷം കുറയ്ക്കാനും രാഷ്ട്രീയ പരിഹാരത്തിലേക്കുള്ള ശ്രമങ്ങള്‍ക്കും തിരിച്ചടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സൗദി അറേബ്യയുടെ സുരക്ഷ, പരമാധികാരം, ഭൂപ്രദേശിക അഖണ്ഡത എന്നിവയ്ക്കെതിരായ ഏത് ആക്രമണത്തെയും നേരിടുന്നതില്‍ അറബ് ലീഗ് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹൂതി ആക്രമണങ്ങളും യെമനിലെ നിലവിലെ സൈനിക സംഘര്‍ഷങ്ങളും അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കുന്ന നടപടികളില്‍ നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കണമെന്നും സൈനിക ഏറ്റുമുട്ടലുകള്‍ അവസാനിപ്പിച്ച് രാഷ്ട്രീയ സംവാദ പ്രക്രിയയിലേക്ക് മടങ്ങണമെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു. സൗദി അറേബ്യയുടെ സുരക്ഷയും യെമന്റെ സ്ഥിരതയും ഐക്യവും പരമാധികാരവും ഭൂപ്രദേശിക അഖണ്ഡതയും സംരക്ഷിക്കുന്ന തരത്തിലായിരിക്കണം തുടര്‍നടപടികളെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

