
ദോഹ: സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എഞ്ചിനീയേഴ്സ് ഫോറം സംഘടിപ്പിക്കുന്ന കേരളോത്സവം 2026-ന് മുന്നോടിയായി സ്‌പോണ്‍സര്‍മാരുടെ ഓണ്‍ബോര്‍ഡിങ് ചടങ്ങ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 23 വെള്ളിയാഴ്ച ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറുന്ന കേരളോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

എലിവേറ്റ് ഇഎഫ് എന്ന പ്രമേയത്തിലാണ് ഫോറത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സ്‌പോണ്‍സര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വിവിധ അലുമിനി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

എഞ്ചിനീയേഴ്സ് ഫോറം ഖത്തര്‍ പ്രസിഡന്റ് ആഷിഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിധിന്‍ സ്വാഗതം ആശംസിച്ചു. പ്രൊഫഷണല്‍ മികവ്, സംരംഭകത്വം, സാമൂഹിക ഇടപെടല്‍, പരസ്പര സഹകരണം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തി ഫോറത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനായി ആവിഷ്‌കരിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ‘എലിവേറ്റ് ഇഎഫ്’ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ ആഷിഖ് അഹ്മദ് വിശദീകരിച്ചു.
കേരളോത്സവം 2026-ന്റെ പ്രധാന ആകര്‍ഷണമായി ദക്ഷിണേന്ത്യന്‍ ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍ വിശിഷ്ടാതിഥിയായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
എഞ്ചിനീയേഴ്സ് ഫോറം ഖത്തറുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 19 പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ പങ്കെടുക്കുന്ന പൂക്കളമത്സരമാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഓരോ സംഘടനയും ഒരുക്കുന്ന പൂക്കളങ്ങള്‍ക്കൊപ്പം എഞ്ചിനീയേഴ്സ് ഫോറം ഖത്തര്‍ ഒരുക്കുന്ന വിപുലമായ പൂക്കളം കൂടി സംയോജിപ്പിച്ച് മനോഹരമായ മെഗാ പൂക്കളം ഒരുക്കും.
ഫോറത്തിലെ അംഗങ്ങളുടെ കലാപരമായ കഴിവുകള്‍ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികള്‍ക്കു പുറമെ, പ്രശസ്ത ദക്ഷിണേന്ത്യന്‍ സംഗീതബാന്‍ഡായ ഗന്ധര്‍വാസിന്റെ ലൈവ് സംഗീതനിശയും അരങ്ങേറും. ഗായകരായ ശ്രീരാഗും നന്ദയും സംഗീതവിരുന്നിന് നേതൃത്വം നല്‍കും. തുടര്‍ന്ന് ഡി ജെ കാര്‍ത്തിക്കിന്റെ സംഗീതാവതരണത്തോടെ ആഘോഷങ്ങള്‍ക്ക് സമാപനമാകും.
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനൊപ്പം പ്രൊഫഷണലുകള്‍, സംരംഭകര്‍, കുടുംബങ്ങള്‍, വിശാലമായ മലയാളി സമൂഹം എന്നിവരെ ഒരുമിപ്പിച്ച് സൗഹൃദബന്ധങ്ങളും ബിസിനസ് സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായും കേരളോത്സവം 2026 മാറും.
എഞ്ചിനീയേഴ്സ് ഫോറം ഖത്തര്‍ ജോയിന്റ് ട്രഷറര്‍ ഫെന്‍സീര്‍ സ്‌പോണ്‍സര്‍ഷിപ്പ് ക്യാമ്പയിന്റെ പുരോഗതി വിശദീകരിച്ചു. ആന്‍സി മോഹന്‍ പരിപാടി നിയന്ത്രിച്ചു. ഫോറത്തിന്റെ ടെക്‌നിക്കല്‍ കമ്മിറ്റി അസോസിയേറ്റ് ടീമിലെ പ്രശാന്ത് മാത്യു നന്ദി രേഖപ്പെടുത്തി.

