
കോഴിക്കോട്: കേരളത്തിലെ ഭരണകൂടം നടത്തിയ ദുരഭിമാന കുറ്റകൃത്യത്തിന്റെ ജീവിക്കുന്ന ഇരകളാണ് അനുപമയും കുഞ്ഞുമെന്ന് കെ.കെ രമ എം.എല്‍.എ.
ഇപ്പോള്‍ അനുപമയ്ക്ക് മുഖവുര വേണ്ടതില്ല. അനുപമയെ നേരില്‍ കണ്ടു.
സ്വന്തം ചോരകുഞ്ഞിനെ കിട്ടാന്‍ ആറ് മാസത്തിലധികമായി
വിവിധ വാതിലുകള്‍ മുട്ടി തളര്‍ന്ന് രക്ഷയില്ലാതായപ്പോള്‍ ജനകീയ കോടതിക്കു മുന്പില് അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുന്ന ഒരമ്മയാണവളെന്ന് രമ സമൂഹ മാധ്യമത്തില്‍ പങ്കു വച്ച കുറിപ്പില്‍ പറയുന്നു.
ദുരഭിമാനികളായ അനുപമയുടെ രക്ഷിതാക്കള്‍,ദുരഭിമാനികളായ
ശിശുക്ഷേമ സമിതി,ദുരഭിമാനികളായ പോലീസ്,ദുരഭിമാനികളായ സര്‍ക്കാരും മുഖ്യമന്ത്രിയും ദുരഭിമാനികളായ പാര്‍ട്ടി കോടതി ഇവരെല്ലാം കൈകോര്‍ത്ത് നടത്തിയ ഒരു ദുരഭിമാന ക്രൂരത.ഒരമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തു
ദത്തു നല്കി എന്നു പറയുമ്പോള്‍ മനസാക്ഷിയുള്ളവരെല്ലാം
ഞെട്ടുകയാണ്.ഈ നാട്ടില്‍ ജീവിക്കേണ്ടി വരുന്നതില്‍ ലോകത്തിനു മുന്നില്‍
തലകുനിക്കുകയാണ്.ഒരു പിഞ്ചു കുഞ്ഞിന്റെ ‘അമ്മ’ എന്ന അവകാശത്തെയാണ് ഇവര്‍ നിഷേധിച്ചിരിക്കുന്നത്.ശിശു ക്ഷേമ സമിതിയും,ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പോലീസും, വനിതാ കമ്മീഷനുമുള്‍പ്പെടെയുള്ള എല്ലാ ഭരണകൂട സംവിധാനങ്ങളും നടത്തിയ ദുരഭിമാന കുറ്റകൃത്യമാണ് അനുപമയും കുഞ്ഞും നേരിട്ടത്. അനുപമയോടും കുഞ്ഞിനോടും മാത്രമല്ല, ദത്തെടുക്കാനുള്ള സങ്കീര്‍ണ്ണ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് കാത്തിരുന്ന് ഒടുവില്‍ അനുപമയുടെ കുഞ്ഞിനെ ഇക്കാര്യങ്ങളൊന്നുമറിയാതെ ഏറ്റുവാങ്ങി വളര്‍ത്തുന്ന ദമ്പതികളോടും സമാനതയില്ലാത്ത ക്രൂരതയാണ് മേല്പറഞ്ഞ സംവിധാനങ്ങള്‍ കാണിച്ചത്. ഏറെ സുതാര്യവും സത്യസന്ധവുമായി നിര്‍വ്വഹിക്കപ്പെടേണ്ട ദത്തെടുക്കല്‍ പ്രക്രിയകള്‍ പോലുള്ള കാര്യങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ന്ന് തരിപ്പണമായത്. അനുപമ, ഭരണതലത്തിലും പോലീസ് സ്റ്റേഷനിലും പാര്‍ട്ടി നേതാക്കള്‍ക്കും നിരന്തരം പരാതികള്‍ നല്കി നീതി കാത്തിരിക്കുമ്പോള്‍ തന്നെയാണ് അമ്മത്തൊട്ടിലില്‍ നിന്നു ലഭിച്ചു എന്നു പറയുന്ന കുഞ്ഞിന്റെ ദത്തെടുക്കല്‍ പ്രക്രിയയും നടന്നത്. ഇത് ദുരൂഹമാണ്. വേണ്ട നടപടിക്രമങ്ങള്‍ മുഴുവന്‍ പാലിച്ചല്ല ഈ ദത്തെടുക്കല്‍ നടന്നത് എന്ന് ഉറപ്പാണ്.
ഭരണകക്ഷിയുടെ പ്രാദേശിക നേതാവിന്റെ സ്വാധീനത്തിനു മുന്നില്‍ കണ്ണുപൊത്തിക്കളിച്ചും, മുട്ടിലിഴഞ്ഞും ഈ അധാര്‍മ്മികതയ്ക്ക് കൂട്ടുനിന്ന മുഴുവന്‍ വ്യക്തികളും സ്ഥാപനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
അനുപമയുടെ കുഞ്ഞിനെ ഉടന്‍ അനുപമയ്ക്ക് ലഭിക്കണം. അതുവരെ ജനാധിപത്യ സമൂഹത്തിന് വിശ്രമിക്കാനാവില്ല.നൊന്തു പെറ്റ അമ്മ
ആവശ്യപ്പെടുന്നത്സ്വന്തം കുഞ്ഞിനെയാണ്.അതിനായി കൈ നീട്ടി
നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിടുന്നു.
ലോകത്തിനു മുന്പില് കേരളീയരെയാരാകെ
ദുരഭിമാനഹത്യയുടെ ഉത്തരവാദികളായി മുദ്രകുത്തപ്പെടുന്നതിന്
മുന്‍പ് അമ്മയുടെ മടിയില്‍ കുഞ്ഞുണ്ടാവണമെന്നു കൂടി കെ.കെ.രമ കുറിച്ചു.


