NEWS
സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവുമായി കെ എല്‍ എഫ്
കോഴിക്കോട്: കോഴിക്കോടിന്റെ സമകാലിക സാഹിത്യ സാംസ്‌കാരിക സവിശേഷതകളെ ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോടിന് യുനെസ്‌കോ സാഹിത്യനഗര പദവി ലഭിച്ചതിനോടനുബന്ധിച്ച് ഓഗസ്റ്റ് 29ന് വൈകിട്ട് 4.30ന് സംഘടിപ്പിക്കുന്ന ആഘോഷപരിപാടിയില്‍ മലയാളത്തിലെ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം നടത്തുമെന്ന് ചീഫ് ഫെസിലിറ്റേറ്റര്‍
രവി ഡി സി, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൈകിട്ട് ആറിന് 26-ാമത് ഡിസി കിഴക്കേമുറി സ്മാരകപ്രഭാഷണം മനു എസ് പിള്ള നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് നോവലുകള്‍, കഥകള്‍, ചരിത്രം, യാത്രാവിവരണം, മൊഴിമാറ്റം എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഏറ്റവും പുതിയ 18 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.
നോവല്‍ വിഭാഗത്തില്‍ ഫ്രാന്‍സിസ് നൊറോണ (മുടിയറകള്‍), വി ജെ ജയിംസ് (പുറപ്പാടിന്റെ പുസ്തകം രജതജൂബിലിപ്പതിപ്പ്), അംബികാസുതന്‍ മാങ്ങാട് (അല്ലോഹലന്‍) എന്നിവരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
കഥാ വിഭാഗത്തില്‍ എന്‍ എസ് മാധവന്‍ (ഭീമച്ചന്‍), സച്ചിദാനന്ദന്‍ (മരിച്ചു പോയ മുത്തശ്ശിക്ക് ഒരു കത്ത്), സിതാര എസ് (അമ്ലം), വി ജെ ജയിംസ് (വൈറ്റ് സൗണ്ട്), ജിന്‍ഷ ഗംഗ (ഒട), ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ (പൊന്ത), ഡിന്നു ജോര്‍ജ്ജ് (ക്രാ), സുഭാഷ് ഒട്ടുംപുറം (പ്രതിവിഷം), ആഷ് അഷിത (മുങ്ങാങ്കുഴി) എന്നിവരുടെയും ചരിത്രവിഭാഗത്തില്‍ ഷുമൈസ് യു (വയനാടന്‍ പരിസ്ഥിതിയും കൊളോണിയല്‍ സമരങ്ങളും) യാത്രാ വിവരണ വിഭാഗത്തില്‍ വി മുസഫര്‍ അഹമ്മദ് (കര്‍മ്മാട് റയില്‍പ്പാളം ഓര്‍ക്കാത്തവരെ), മൊഴിമാറ്റവിഭാഗത്തില്‍ ആനി എര്‍ണോ (ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ), കൊണ്ടപ്പള്ളി കോടേശ്വരമ്മ (കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്തുള്ള നക്സല്‍ ജീവിതം) എന്നിവരുടെ പുസ്തകങ്ങളുമാണ് പ്രകാശനത്തിനുള്ളത്.
വൈകിട്ട് ആറിന് നടക്കുന്ന 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. കെ സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും. ‘എന്താണ് ചരിത്രം’ എന്ന വിഷയത്തില്‍ ചരിത്രകാരന്‍ മനു എസ് പിള്ള സ്മാരകപ്രഭാഷണം നടത്തും. സാഹിത്യനഗരവും സാഹിത്യോത്സവങ്ങളും എന്ന വിഷയത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിക്കും.
പരിപാടിയോടനുബന്ധിച്ച് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫിക് നറേറ്റീവിന്റെ പ്രദര്‍ശനവും നടക്കും. തുടര്‍ന്ന് സ്പെയിനിലെ സാംസ്‌കാരിക സംഘടനയായ കാസാ ഡി ലാ ഇന്ത്യയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന താരിഖ മിസ്റ്റിക് ട്രാവലേഴ്‌സ് എന്ന സംഗീത നൃത്ത കവിതാ സമന്വയവും നടക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ കെ വി ശശി, എ വി ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.