

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന് സഹായവുമായി കേരള മാനേജ്മന്റ് അസോസിയേഷന്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ ബിരുദ- ബിരുദാനന്തര പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ്. ആദ്യ ഘട്ടത്തില്‍ 25 വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവിനായി സഹായം നല്‍കും. കോര്‍പറേറ്റുകളുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാവും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. കെ എം എ സംഘടിപ്പിച്ച സി എസ് ആര്‍ കോണ്‍ക്ലേവും അവാര്‍ഡ് ദാനവും നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സി എസ് ആര്‍ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കൂടുതല്‍ പ്ലാനിംഗ് ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി എസ് ആര്‍ ഫണ്ടുകള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ െൈകെകാര്യം ചെയ്യണമെന്നും ഇതിനായി കോര്‍പറേറ്റുകളെ സഹായിക്കാന്‍ കെ എം എ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ക്ലേവ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്ത വ്യവസായ മന്ത്രി പി രാജീവ് സി എസ് ആര്‍ ഫണ്ടുകള്‍ നാടിന്റെ പുരോഗതിക്കും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സി എസ് ആര്‍ ഫണ്ടുകള്‍ എങ്ങനെ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്നതിന് മികച്ച ഉദാഹരണമാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആദ്യ ഹൃദയ ശസ്ത്രക്രിയ. ബി പി സി എല്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, റോട്ടറി ഇന്റര്‍നാഷണല്‍ എന്നിവരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ജനറല്‍ ഹോസ്പിറ്റലിലെ പല സൗകര്യങ്ങളും സി എസ് ആര്‍ ഫണ്ട് വഴി സാധ്യമായതെന്നും മന്ത്രി പറഞ്ഞു. സി എസ് ആര്‍ ഫണ്ടുകള്‍ സാമൂഹിക പ്രതിബദ്ധതയോടെ തന്നെ വിനിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിലരെങ്കിലും സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുകള്‍ തങ്ങളുടെ ഉപയോഗത്തിനായി മാത്രം വകമാറ്റി വിനിയോഗിക്കുന്ന പ്രവണത കണ്ട് വരുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.
സി എസ് ആര്‍ പദ്ധതികള്‍ സുതാര്യവും സുസ്ഥിരവുമായിരിക്കണമെന്ന് ചടങ്ങില്‍ പ്രത്യേക പ്രഭാഷണം നടത്തിയ ബി പി സി എല്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും കെ എം എ മുന്‍ പ്രസിഡന്റുമായ പ്രസാദ് കെ പണിക്കര്‍ അഭിപ്രായപ്പെട്ടു. ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം സാമൂഹ്യ പ്രതിബദ്ധതക്കായി നീക്കി വയ്ക്കുന്നു എന്നതിനപ്പുറം ലാഭം എത്രയായാലും സി എസ് ആര്‍ പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനമെടുക്കണം. 2013ല്‍ സി എസ് ആര്‍ പ്രവര്‍ത്തനം നിര്‍ബന്ധമാക്കിയ നിയമം പാസാക്കിയത് ഇന്ത്യയെ സംബന്ധിച്ച് ഒരു നാഴികക്കല്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സി എസ് ആര്‍ ഫണ്ട് ഉപയോഗപ്പെടുത്തേണ്ട മേഖലകള്‍ ഇനിയുമേറെയുണ്ട്. കേരളത്തില്‍ പോലും ഇനിയും ഒരു നിശ്ചിത വിഭാഗം ജനങ്ങള്‍ സി എസ് ആര്‍ ഫണ്ടുകള്‍ അര്‍ഹിക്കുന്നവരാണ്. സമൂഹത്തോട് പ്രതിബദ്ധത ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു വ്യവസായവും വിജയിപ്പിക്കാന്‍ കഴിയൂ. ലാഭവും ജനങ്ങളും പരസ്പരം ബന്ധപ്പെട്ടിക്കുകയാണ്. ഡിജിറ്റല്‍ അസമത്വമാണ് നിലവില്‍ നേരിടുന്ന പ്രശ്‌നം. അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കും തോറും കൂടുതല്‍ അസമത്വങ്ങളിലേക്ക് കടക്കുന്ന കാലഘട്ടത്തില്‍ സി എസ് ആര്‍ ഫണ്ടിന്റെ പ്രസക്തി ഏറുകയാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ സി എസ് ആര്‍ ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എസ് പി ജെ ഐ എം ആര്‍ സാമൂഹ്യ സേവന പദ്ധതികളുടെ മേധാവി പ്രഭാത് പാനി പറഞ്ഞു.
സാമൂഹ്യ സേവനത്തിന് ജംനാലാല്‍ അവാര്‍ഡ് നേടിയ മഹര്‍ ഫൗണ്ടേഷന്‍ സ്ഥാപകയും ഡയറക്ടറുമായ സിസ്റ്റര്‍ ലൂസി കുര്യനെ ചടങ്ങില്‍ മന്ത്രി രാജീവ് ആദരിച്ചു. സാമൂഹ്യ സേവനം ഏറെ ക്ലേശകരമായിരുന്നുവെന്നും എന്നാല്‍ പിന്നീട് എല്ലാ വിഭാഗങ്ങളുടെയും പൂര്‍ണ പിന്തുണ ലഭിച്ചെന്നും അവര്‍ പറഞ്ഞു.
2020ലെ കെ എം എ- സി എസ് ആര്‍ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ഹെല്‍ത്ത് ആന്‍ഡ് ഹൈജീന്‍ വിഭാഗത്തില്‍ പൊതുമേഖലാ വിഭാഗത്തില്‍ ബി പി സി എല്‍ കൊച്ചിയും വ്യക്തിഗത വിഭാഗത്തില്‍ ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പിലും എന്‍ ജി ഒ വിഭാഗത്തില്‍ കാരുണ്യവര്‍ഷം ചാരിറ്റബിള്‍ ട്രസ്റ്റും കാന്‍ക്യൂര്‍ ഫൗണ്ടേഷനും അവാര്‍ഡിനര്‍ഹരായി. വിദ്യാഭ്യാസ മേഖലയിലെ മികച്ച സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുമേഖലാ വിഭാഗത്തില്‍ ബി പി സി എല്‍ കൊച്ചിയും ഇതര മേഖലകളില്‍ നിന്ന് യു എസ് ടി ഗ്ലോബലും അവാര്‍ഡ് നേടി. എന്‍വയോണ്‍മെന്റ് ആന്‍ഡ് ഗ്രീനറി വിഭാഗത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇതര മേഖലകളില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്സും എന്‍ ജി ഒ വിഭാഗത്തില്‍ കോലഞ്ചേരി സി വി ജെ ഫൗണ്ടേഷനും അവാര്‍ഡിനര്‍ഹരായി. ചൈല്‍ഡ് ആന്‍ഡ് എല്‍ഡര്‍ലി കെയര്‍ വിഭാഗത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബി പി സി എല്‍ കൊച്ചിയും ഇതര വിഭാഗങ്ങളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും അവാര്‍ഡ് നേടി. എന്‍ ജി ഒ വിഭാഗത്തില്‍ കുരീക്കാട് ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റ്, പെരുമ്പാവൂര്‍ ബത്ലഹേം അഭയ ഭവന്‍ എന്നിവര്‍ അവാര്‍ഡ് പങ്കിട്ടു.
കെ എം എ മുന്‍ പ്രസിഡന്റ്മാരായ ജിബു പോള്‍, എസ് ആര്‍ നായര്‍, ദിനേശ് തമ്പി, ട്രഷറര്‍ ബിബു പുന്നൂരാന്‍, ജോയിന്റ് സെക്രട്ടറി അല്‍ജേഷ് ഖാലിദ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

