

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ പുതിയ പ്രസിഡണ്ടായി കെ എന്‍ കൃഷ്ണകുമാര്‍ ചുമതലയേറ്റു. കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ഇപ്പോള്‍ വൈസ് പ്രസിഡണ്ടുമാണ്. ദീര്‍ഘകാലം നെടുമ്പാശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടും നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പത്ത് വര്‍ഷക്കാലമായി നെടുമ്പാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായ പി വൈ വര്‍ഗീസ് സ്വമേധയാ രാജിവെച്ച ഒഴിവിലാണ് പുതിയ പ്രസിഡണ്ട് നിയമനം.

കാഞ്ഞൂര്‍ ശ്രീമൂലനഗരം നെടുമ്പാശ്ശേരി ചെങ്ങമനാട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് നെടുമ്പാശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. അത്താണി രാജീവ് ഭവനില്‍ നടന്ന ചടങ്ങില്‍ കെ എന്‍ കൃഷ്ണകുമാറിന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി വൈ വര്‍ഗീസ് ചുമതല കൈമാറി.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും മുഴുവന്‍ പ്രവര്‍ത്തകരെയും ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുമെന്നും കെ എന്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
നവംബര്‍ 14ന് ശിശുദിനത്തോടനുബന്ധിച്ച് രാവിലെ ഒന്‍പത് മണിക്ക് അത്താണി രാജീവ് ഭവനില്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ പെട്രോള്‍ ഡീസല്‍ വില്പന നികുതി കൊള്ളക്കെതിരെ 20ന് ശനിയാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ദേശം കവലയില്‍ നിന്നും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനത്തോടെ ചെങ്ങമനാട് വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണാ സമരം നടത്തുന്നതിനും തീരുമാനിച്ചു.
അന്‍വര്‍ സാദത്ത് എം എല്‍ എ, എം എ ചന്ദ്രശേഖരന് എക്സ് എം എല്‍ എ, കെ പി സി സി സെക്രട്ടറി ജെബി മേത്തര്‍ ഹിഷാം, ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറിമാരായ അഡ്വ. പി എന്‍ ഉണ്ണികൃഷ്ണന്, എം ജെ ജോമി ബാബു പുത്തനങ്ങാടി, കെ എസ് ബിനീഷ്, യു ഡി എഫ് ആലുവ നിയോജകമണ്ഡലം ചെയര്മാന് ലത്തീഫ് പൂഴിത്തുറ, ആലുവ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തോപ്പില്‍ അബു, ഐ എന്‍ ടി യു സി റീജിയണല്‍ പ്രസിഡന്റ് മുഹമ്മദ് സഹീര്‍, ദിലീപ് കപ്രശ്ശേരി, എം ഐ ദേവസിക്കുട്ടി, സെബാസ്റ്റ്യന്‍ പോള്‍, ഷരീഫ് ഹാജി, ടി എ ചന്ദ്രന്, സെബാസ്റ്റ്യന്‍ വടക്കുംചേരി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ മുഹമ്മദ് ഉസൈര്‍ സ്വാഗതവും തോമസ് കോയിക്കര നന്ദിയും പറഞ്ഞു.

