

ന്യൂഡല്‍ഹി: എം മുകുന്ദന് 2021ലെ ജെ സി ബി സാഹിത്യ പുരസ്‌ക്കാരം. അദ്ദേഹത്തിന്റെ നോവല്‍ ഡല്‍ഹിയാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.
മലയാളത്തില്‍ പ്രസിദ്ധീകരിച്ച നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഫാത്തിമ ഇ വിയും നന്ദകുമാര്‍ കെയുമാണ് നിര്‍വഹിച്ചത്. വെസ്റ്റ്‌ലന്റ് ബുക്‌സാണ് പ്രസാധകര്‍.
എം മുകുന്ദന് 25 ലക്ഷം രൂപയും വിവര്‍ത്തകരായ ഫാത്തിമയ്ക്കും നന്ദകുമാറിനും 10 ലക്ഷം രൂപയുമാണ് സമ്മാനത്തുക.

പുരസ്‌ക്കാരത്തിന് അര്‍ഹമായത് ഏറെ സന്തോഷമുണ്ടാക്കുന്നതായും ജെ സി ബി പുരസ്‌ക്കാരം ലഭിച്ചതോടെ കൂടുതല്‍ പേരിലേക്ക് നോവല്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എം മുകുന്ദന്‍ പറഞ്ഞു. ഡല്‍ഹിയിലെ ദരിദ്ര ജനങ്ങള്‍ക്കാണ് താന്‍ പുരസ്‌ക്കാരം സമര്‍പ്പിക്കുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു.

മലയാളി യുവാവ് സഹദേവന്റെ ഡല്‍ഹി അനുഭവങ്ങളിലൂടെയാണ് ഡല്‍ഹി എന്ന നോവല്‍ എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട നിരവധി മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന നോവലില്‍ അടിയന്തരാവസ്ഥയും സിഖ് വിരുദ്ധ കലാപവും ഉള്‍പ്പെടെ കടന്നുവരുന്നുണ്ട്.
വി ജെ ജയിംസിന്റെ ആന്റി ക്ലോക്ക്, ദരീബ ലിണ്ടന്റെ നെയിം പ്ലേസ് ആനിമല്‍ തിങ്, ഷബീര്‍ അഹമ്മദ് മിറിന്റെ ദി പ്ലേഗ് അപോണ്‍, ലിന്റ്‌സേ പെരേരയുടെ ഗോഡ്‌സ് ആന്റ് എന്‍ഡ്‌സ് എന്നിവയാണ് ജെ സി ബി പുരസ്‌ക്കാരത്തിന്റെ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്.
സാറാ റായി, അന്നപൂര്‍ണ ഗരിമെല്ല, ഷഹനാസ് ഹബീബ്, പ്രേം പണിക്കര്‍, അമിത് വര്‍മ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

