

കൊച്ചി: കായലില്‍ പോളപ്പോയല്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നത് കൂട് മത്സ്യകൃഷിക്ക് ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ബോധവല്‍കരണവുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ വി കെ). വര്‍ഷാവര്‍ഷം കായലിലെ ലവണാംശം കൂടി ഒക്ടോബറോടെ അഴുകിപ്പോകാറുള്ള പോളപ്പായല്‍ ഇത്തവണ കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നത് മത്സ്യകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കായലില്‍ കൂട് മത്സ്യകൃഷി ചെയ്യുന്നവരുടെ കൂട്ടായ്മകള്‍ക്ക് ബോധവല്‍കരണം നടത്തി അവ നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് സി എം എഫ് ആര്‍ ഐയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെ വി കെ നടത്തുന്നത്. കൂടുകളില്‍ നിന്നും പായലുകള്‍ നീക്കം ചെയ്യുന്ന രീതിയും കര്‍ഷകരെ പരിശീലിപ്പിക്കുന്നുണ്ട്.

സാധാരണയിലധികം മഴ ലഭിച്ചതും പലതവണകളായി ഡാമുകള്‍ തുറന്നുവിട്ടതും കാരണം കായലിലെ ലവണാംശം കുറഞ്ഞത് പോളപ്പായല്‍ അമിതവളര്‍ച്ച നേടാന്‍ കാരണമായെന്നാണ് കരുതുന്നത്. പോളപ്പായല്‍ തിങ്ങിനിറയുന്നത് മൂലം കായലുകളില്‍ സ്ഥാപിച്ച മത്സ്യക്കൂടുകളില്‍ ഒഴുക്ക് തടസ്സപ്പെടുകയും അതുവഴി ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നതാണ കൂട് മത്സ്യകൃഷിക്ക് ഭീഷണിയാകുന്നത്.

ഡിസംബര്‍- ജനുവരി മാസങ്ങള്‍ വിളവെടുപ്പിന് പാകമായ വലിയ മല്‍സ്യങ്ങളെ കൊണ്ട് കൂടുകള്‍ നിറയുന്ന കാലമാണ്. ഇക്കാലയളവില്‍ ഓക്‌സിജന്‍ കുറയുന്നത് അപ്രതീക്ഷിതമായി മല്‍സ്യങ്ങള്‍ ചത്തുപോകാന്‍ കാരണമായേക്കാം. മത്സ്യങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പലതരം കീടങ്ങളുടെയും രോഗാണുക്കളുടെയും വിളനിലമായി പോളപ്പായലുകള്‍ മാറുന്നതും മത്സ്യകര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് കെ വി കെ ബോധവത്കരണ യജ്ഞവുമായി രംഗത്തിറങ്ങിയത്. കേന്ദ്ര സര്‍ക്കാറിന്റെ സ്വച്ഛഭാരത് അഭിയാനിന്റെ ഭാഗമായി നടന്ന യജ്ഞത്തില്‍ ഏഴിക്കരയിലെ മത്സ്യകര്‍ഷകരും പങ്കാളികളായി രണ്ടേക്കര്‍ മല്‍സ്യ കൂടുകളിലെ പോളപ്പായല്‍ നീക്കം ചെയ്യുകയും ചെയ്തു.

