
മലപ്പുറം: വീട്ടുമുറ്റത്തെ മരത്തില്‍ നിന്ന് വീണ പതിനൊന്നുകാരന്റെ കൈപ്പത്തിയില്‍ തുളഞ്ഞുകയറിയ ഇരുമ്പുകമ്പി ശസ്ത്രക്രിയയിലൂടെ കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി നീക്കം ചെയ്തു.

മരത്തില്‍ നിന്ന് കാല്‍ വഴുതി വീണ കുട്ടിയുടെ കൈപ്പത്തിയില്‍ ഗേറ്റിലെ കൂര്‍ത്ത കമ്പി തുളഞ്ഞുകയറുകയായിരുന്നു. കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ഫിറാസ് മുഹമ്മദ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഞരമ്പുകള്‍ക്കും എല്ലുകള്‍ക്കും ഇടയിലൂടെ തുളച്ച് കയറിയ കമ്പി അതി സങ്കീര്‍ണമായ ശസ്ത്രക്രിയ യിലൂടെ പുറത്തെടുത്ത് പരിക്കേറ്റ ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്തു.

മലപ്പുറം കോട്ടക്കലില്‍ സ്വര്‍ണപ്പണി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകനാണ് അപകടത്തില്‍പ്പെട്ടത്.
ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച കുട്ടി പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. വിദഗ്ധ ചികിത്സയും ഡോക്ടര്‍മാരുടെ സമയോചിത ഇടപെടലുമാണ് തന്റെ മകനെ വലിയ അപകടത്തില്‍ നിന്ന് രക്ഷിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

