കോഴിക്കോട് അബൂബക്കര്‍: മാപ്പിളപ്പാട്ടുവഴിയിലെ വേറിട്ട വ്യക്തിത്വം

Web Desk
1 Min Read

ദോഹ: വേറിട്ട ഈണങ്ങളിലൂടെ മാപ്പിളപ്പാട്ടുശാഖയെ ജനകീയവത്കരിക്കുകയും ആസ്വാദകഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടുകയും ചെയ്ത വേറിട്ട സംഗീത പ്രതിഭയായിരുന്നു ഈയ്യിടെ നിര്യാതനായ സംഗീതസംവിധായകന്‍ കോഴിക്കോട് അബൂബക്കറെന്ന് പ്രമുഖ മാപ്പിളപ്പാട്ടു ഗവേഷകന്‍ ഷഫീര്‍ വാടാനപ്പള്ളി പറഞ്ഞു. തനിമ ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗീത സന്ധ്യയില്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിന്നു അദ്ദേഹം.

city exchange

മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണമിട്ട കോഴിക്കോട് അബൂബക്കറിന്റെ മിക്ക ഗാനങ്ങളും പാടിപ്പതിഞ്ഞതും ജനമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയതുമാണ്. എന്നാല്‍, മാപ്പിളപ്പാട്ടുശാഖയ്ക്ക് ഇത്രയധികം സംഭാവനകള്‍ നല്‍കുക മാത്രമല്ല, പ്രശസ്തരായ പല ഗായകരെയും സംഗീത വഴിയിലേക്ക് കൈപിടിച്ച് നടത്തുകയും പ്രമുഖ സംഗീത സംവിധായകര്‍ക്കും പാട്ടുകാര്‍ക്കുമൊപ്പം തബലവാദനം നടത്തുകയും ചെയ്ത അദ്ദേഹം സമൂഹത്തില്‍ അര്‍ഹിക്കുന്ന ആദരവും അംഗീകാരവും നേടാതെയാണ് വിടവാങ്ങിയത് എന്നത് യാഥാര്‍ഥ്യമാണ്. കെ എസ് ചിത്ര, യേശുദാസ് തുടങ്ങി പ്രമുഖ ഗായകര്‍ പാടി അനശ്വരമാക്കുകയും ആസ്വാദകരുടെ ചുണ്ടുകളില്‍ ഇന്നും തത്തിക്കളിക്കുകയും ചെയ്യുന്ന ഈണങ്ങള്‍ക്ക് പിന്നില്‍ അവുക്കാക്ക എന്ന് സൂഹൃത്തുക്കളും സംഗീതപ്രേമികളും സ്നേഹപൂര്‍വം വിളിക്കുന്ന കോഴിക്കോട് അബൂബക്കര്‍ എന്ന സംഗീത പ്രതിഭയാണെന്ന കാര്യം അദ്ദേഹത്തിന്റെ മരണശേഷമാണ് പലരും അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പി എ എം ശരീഫ്, ഫൈസല്‍, അബ്ദുല്‍ ലത്തീഫ്, റഫീഖ്, നിസാര്‍ പാറമ്മല്‍, നിസാര്‍ പുറായില്‍, ഡോ. സല്‍മാന്‍, നിസാര്‍ കെ തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. തനിമ ഖത്തര്‍ ഡയറക്ടര്‍ ജസീം സി കെ അധ്യക്ഷത വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!