

ചെന്നൈ: പത്തനംതിട്ട ജില്ലയില്‍ തുമ്പമണ്‍ ചെന്നീര്‍ക്കാര സ്വദേശി ഏബ്രഹാം കാലായില്‍ അത്ര പ്രശസ്തനൊന്നുമല്ല. എന്നാല്‍ ഒരു അധ്യാപകന്‍ എന്ന നിലയില്‍ ഒട്ടനവധി പ്രശസ്തരെയും പ്രഗല്‍ഭരെയും വാര്‍ത്തെടുത്ത മഹനീയ വ്യക്തിത്വത്തിന്റെ ഉടമയാണ്. പ്രായം കൊണ്ട് നൂറ് തികഞ്ഞിട്ടും ഇന്നും ഊര്‍ജ്ജസ്വലന്‍.

രണ്ടാം ലോക മഹായുദ്ധ കാലത്ത് അന്നത്തെ റോയല്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്തു അനുഭവ സമ്പത്ത് നേടിയ അദ്ദേഹം പിന്നീട് ആ ജോലി ഉപേക്ഷിച്ച് അധ്യാപക ജോലി ഏറ്റെടുത്ത് ലോകമെമ്പാടുമുള്ള നൂറു കണക്കിന് നല്ല പൗര സമൂഹത്തെ വാര്‍ത്തെടുത്തു എന്നത് ചരിത്രമാണ്. അഭിവന്ദ്യ ബിഷപ്പ് ഡോ. മാത്യുസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ, പ്രശസ്ത സിനിമാ നിര്‍മ്മാതാവ് ജന്റില്‍മാന്‍ കെ ടി കുഞ്ഞുമോന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്.

ഈ പ്രായത്തിലും എല്ലാ ഞായറാഴ്ചയും പത്‌നി മേരിയേയും കൂടെയിരുത്തി സ്വയം കാറോടിച്ച് പള്ളിയില്‍ പോകുന്ന കര്‍മ്മ നിരതന്‍. ജീവിതത്തിന്റെ നൂറു വര്‍ഷം പിന്നിടുമ്പോഴും കണ്ണട കൂടാതെ ബൈബിളും പത്രവും വായിക്കുന്ന ഏബ്രഹാം മാസ്റ്റര്‍ നാട്ടുകാര്‍ക്കെല്ലാം അത്ഭുതവും അഭിമാനമാണ്.
ഇത്രയും മഹത് വ്യക്തിത്വത്തിന് ഉടമയായ ഗുരുനാഥനെ തന്റെ പൂര്‍വ്വ സഹപാഠികളെ കൂട്ടിയിണക്കി ഒരു ചടങ്ങ് നടത്തി ആദരിക്കണമെന്ന ആശ കുഞ്ഞുമോന്റെ മനസ്സില്‍ ഉദിച്ചു. മാത്രമല്ല തന്റെ ബ്രന്മാണ്ഡ സംരംഭമായ ‘ജെന്റില്‍മാന്‍2’ന്റെ തുടക്കം അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിച്ചു കൊണ്ടാവണം എന്നും കുഞ്ഞുമോന്‍ ആഗ്രഹിച്ചു. അതിന്റെ മുന്നോടിയായി കഴിഞ്ഞ ദിവസം കുഞ്ഞുമോന്റെ നിര്‍ദേശ പ്രകാരം ഏബ്രഹാം സാറിന്റെ പുത്രന്‍ ഡോ. ജോസ് ഏബ്രഹാം, ആരോഗ്യവാനായി 100 വയസു പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് തുമ്പമണ്ണില്‍ നടത്തി.
ചടങ്ങില്‍ കെ ടി കുഞ്ഞുമോനും ബിഷപ്പ് ഡോ. മാത്യൂസ് മക്കാറിയോസ് തിരുമേനിയും ഉള്‍പ്പെടെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹത്തിന്റെ ഒട്ടനവധി ശിഷ്യന്മാര്‍ പങ്കെടുത്തു അനുഗ്രഹം വാങ്ങി ആദരിച്ചു.

