

കോഴിക്കോട്: ജാവേദ് വീണ്ടും കാസിം മാസ്റ്ററെ തേടിയെത്തി. സ്‌നേഹത്തിന്റെ സ്വാന്തന സ്പര്‍ശമേല്‍ക്കാനായി. കോഴിക്കോട് ജുവൈനല്‍ ഹോമില്‍ നിരവധി കുട്ടികളുണ്ട്. വേനലവധി സമയത്ത് മാതാപിതാക്കളുള്ള കുട്ടികള്‍ക്കെല്ലാം വീട്ടില്‍ പോകും. എന്നാല്‍ രക്ഷിതാക്കളാരെന്നറിയാത്ത എവിടെ നിന്നോ ചെറുപ്രായത്തില്‍ ജുവൈനല്‍ ഹോമിലെത്തിയ ജാവേദിന് പോകാനിടമില്ല. അവനെ കൊണ്ട് പോകാന്‍ ആരുമുണ്ടായിരുന്നില്ല.

അന്നത്തെ കലക്ടറായിരുന്ന പ്രശാന്ത് ബ്രോയുടെതായി പത്രത്തില്‍ വന്ന വാര്‍ത്ത കുറ്റ്യാടിക്കടുത്ത ചീക്കോന്നിലെ കാസിം മാസ്റ്റര്‍ കാണാനിടയായി. അദ്ദേഹം ജാവേദിനേയും തേടി ജുവൈനല്‍ ഹോമിലെത്തി. അങ്ങിനെ രണ്ട് മാസം മറ്റ് കുട്ടികളെപ്പോലെ രക്ഷിതാക്കളുടെ തലോടല്‍ നല്‍കി ആ ഇളം മനസ്സിനെ ചേര്‍ത്ത് പിടിക്കാന്‍ കാസിം മാസ്റ്ററും ഭാര്യ സൈനത്തയും മുന്നിട്ടിറങ്ങി. ആ അവധിക്കാലം തന്റെ ജീവിതത്തില്‍ മറക്കാനാവാത്ത ഓര്‍മ്മകളായിരുന്നുവെന്ന ആ പതിനൊന്ന് വയസ്സുകാരന്‍ ഓര്‍ക്കുന്നു. വീണ്ടും ജുവൈനല്‍ ഹോമിലേക്ക് മടങ്ങിയ ജാവേദ് ഇന്ന് വലിയ കുട്ടിയായിരിക്കുന്നു.

ജീവിതത്തില്‍ നീട്ടി വിളിക്കാന്‍ ഒരു ഉപ്പയോ ഉമ്മയോ ഇല്ലാത്ത ജാവേദ് ആ വേനലവധിയില്‍ വീണ് കിട്ടിയ ഉപ്പയയേം ഉമ്മയേയും തേടി വീണ്ടും അലഞ്ഞു. മനസ്സിലെ ഓര്‍മ്മകള്‍ ചികഞ്ഞ് നോക്കിയപ്പൊ തനിക്ക് സ്‌നേഹം നല്‍കിയ ആ ഉപ്പയുടെ പേര് കാസിം മാസ്റ്ററാണെന്ന് തെളിഞ്ഞു. എന്നാല്‍ സ്ഥലപ്പേര് ഓര്‍മയിലില്ല.
കുറ്റ്യാടിയെന്ന് നാടു തേടി എത്തിപ്പെട്ടത് കുറ്റിപ്പുറത്ത്. അവിടെയെല്ലാം കാസിം മാസ്റ്ററെ അന്യേഷിച്ചു. താന്‍ കണ്ട ബസ്റ്റാന്റും പരിസരവും ഇതല്ല എന്ന് തിരിച്ചറിഞ്ഞ് തിരികെപ്പോന്നു. മറ്റൊരു ദിവസം കുറ്റ്യാടിയിലെത്തി.
കുറ്റ്യാടിയും പരിസരവും ഓര്‍മ്മയുടെ താളുകളില്‍ മിന്നിമറഞ്ഞു. പള്ളിയില്‍ കയറി കാസിം മാസ്റ്ററെ അന്വേഷിച്ചു. വീട്ട് പേരോ മേല്‍ വിലാസമോ അറിയാത്തതിനാല്‍ അവരും കൈ മലര്‍ത്തി.അന്ന് കുപ്പായമെടുത്ത് കൊടുത്ത തുണിക്കടയിലും കേറി അന്വേഷിച്ചു.
ഒടുവില്‍ ഒരു ആമ്പുലന്‍സ് കണ്ടപ്പോള്‍ പാലിയേറ്റീവ് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു തന്റെ ഉപ്പ എന്നവന്‍ ഓര്‍ത്തു. നിങ്ങള്‍ക്ക് കാസിം മാസ്റ്ററെ അറിയുമോ? പ്രതീക്ഷയുടെ പൊന്‍കിരണമായ് ആ മറുപടിയെത്തി. അവര്‍ അവനെയും കൂട്ടി കുറ്റ്യാടിയിലെ ”തണല്‍” ഓഫിസിലെത്തി.
പാതിരിപ്പറ്റയുള്ള കാസിം മാഷെ കുറിച്ചാണോ താങ്കള്‍ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ജാവേദിന് ആനന്ദക്കണ്ണീര്‍. ഉടന്‍ പാതിരിപ്പറ്റയിലേക്കുള്ള വണ്ടി കയറി. പതിനൊന്നാം വയസ്സില്‍ ഓടിക്കളിച്ച ഇടവഴികള്‍ കണ്ടപ്പോള്‍ അവന്‍ തിരിച്ചറിഞ്ഞു.
ഒടുവില്‍ അവന്‍ തേടിയെത്തിയ ഉമ്മയേയും ഉപ്പയേയും കണ്ടപ്പോള്‍ ആനന്ദവും ആവേശവും കൊണ്ടവന്റെ കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ പറയാനാവാതെ വിക്കി. മുഖത്തെ മാസ്‌ക്കൊന്നഴിച്ചപ്പോള്‍ പിറക്കാതെ പോയ മകനെ കണ്ട സന്തോഷത്താല്‍ മാഷ് വാരിപ്പുണര്‍ന്നു.
ഇന്നവന് പതിനെട്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു. അവന്റെ സ്വന്തം മാതാപിതാക്കളെ തേടി പോലീസിന്റെ കൂടി സഹായത്താല്‍ ലക്‌നൗ മുഴുവന്‍ കറങ്ങിയിരുന്നു. അവരെ കണ്ടെത്താന്‍ അവനായിരുന്നില്ല. കേരളമാണവന്റെ നാടെന്ന് പറഞ്ഞവന്‍ തിരിച്ചു പോന്നു. തനിക്ക് ഉപ്പയെന്നും ഉമ്മയെന്നും വിളിക്കാന്‍ അവന് കാസിം മാഷും സൈനബയും മാത്രമേ ഉള്ളൂ. ആ സ്‌നേഹത്തിന്റെ തണലില്‍ ഇത്തിരിനേരം കഴിഞ്ഞ് ജാവേദ് കോഴിക്കോട്ടേക്ക് തിരികെപ്പോയി.

