
ആലുവ: ഇടതുഭരണകാലത്തുടനീളം ഡി എ, ഡി ആര്‍ നല്‍കാതെ കുടിശ്ശിക ആക്കുകയും അധികാരം നഷ്ടപ്പെടുവാന്‍ പോകുന്നു എന്ന് തോന്നല്‍ വന്നപ്പോള്‍ 2021 മുതല്‍ നല്‍കേണ്ട ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശ്ശിക നാല് വര്‍ഷക്കാലം കൊണ്ട് നല്‍കുമെന്ന് ധനമന്ത്രിയുടെ ഉത്തരവ് തങ്ങളുടെ കാലശേഷം മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ അവകാശം എഴുതിക്കൊടുക്കുന്ന വില്‍പത്രത്തിന്റെ പൊള്ളത്തരമാണ് ധനമന്ത്രി ഈ കാര്യത്തില്‍ സ്ഥിരീകരിച്ചതെന്ന് കെ എസ് എസ് പി എ ട്രഷറര്‍ കെ വി മുരളി പറഞ്ഞു. മുഴുവന്‍ കുടിശ്ശികയിലെ നല്ലൊരംശമെങ്കിലും ഭരണകാലയളവില്‍ കൊടുക്കാന്‍ കഴിയാത്തവരെ കാത്തിരിക്കുന്നത് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കടുത്ത അതൃപ്തിയാണെന്നും മുരളി ചൂണ്ടിക്കാട്ടി. പുതിയ യു ഡി എഫ് സര്‍ക്കാരില്‍ കുടിശ്ശിക വിതരണത്തിന് വ്യക്തവും ശക്തവും യുക്തവുമായ തിരുത്തല്‍ ഉത്തരവിന് നടപടി ഉണ്ടാകണമെന്നും കെ വി മുരളി പറഞ്ഞു.

കെ എസ് എസ് പി എ ആലുവ കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി എ അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. പി ഡി ജോയി റിപ്പോര്‍ട്ട് നല്‍കി.

സംസ്ഥാന ഭാരവാഹികളായ ജോര്‍ജ് പി എബ്രഹാം, ടി എസ് രാധാമണി, കെ ഡി പ്രകാശന്‍, പി എം മൈതീന്‍, ആലീസ് സ്‌കറിയ, ഷസര്‍ ഹുസൈന്‍, സുരേഷ് ബാബു, പരീദ്, ജുവല്‍ ശ്രീ പിള്ള, വല്‍സ, വി എ അഫ്‌സലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
