നിപ പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ലാബും സൗകര്യങ്ങളും

Web Desk
1 Min Read

കോഴിക്കോട്: നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി ആര്‍ ഡി ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. എന്‍ ഐ വി പൂന, എന്‍ ഐ വി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കാനായതെന്നും മന്ത്രി അറിയിച്ചു. മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുക. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍ ടി പി സി ആര്‍, പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുക.

city exchange


പരിശോധനയ്ക്കാവശ്യമായ ടെസ്റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍ ഐ വി പൂനയില്‍ നിന്നും എന്‍ ഐ വി ആലപ്പുഴയില്‍ നിന്നും ആരോഗ്യ വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി എത്തിക്കുകയായിരുന്നു. അപകടകരമായ വൈറസായതിനാല്‍ പ്രാഥമികമായി നിപ വൈറസ് സ്ഥിരീകരിച്ചാല്‍ കണ്‍ഫര്‍മേഷന്‍ ടെസ്റ്റ് നടത്തേണ്ടതുണ്ട്. എന്‍ ഐ വി പൂനയിലാണ് ഇത് സ്ഥിരീകരിക്കാനുള്ള അനുമതിയുള്ളത്. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കാമെന്ന് എന്‍ ഐ വി പൂന ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു. കോഴിക്കോട്ട് തന്നെ ഈ ലാബ് സജ്ജമാക്കിയതിനാല്‍ പരിശോധനയും ചികിത്സയും വേഗത്തിലാക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും മന്ത്രി പ്രകടിപ്പിച്ചു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയതില്‍ 251 പേരുണ്ടെന്ന് അറിയിച്ച മന്ത്രി ഇവരില്‍ 121 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്നും പറഞ്ഞു. നിപ രോഗ ലക്ഷണങ്ങളോടെ 11 പേരെയാണ് ഐസൊലേറ്റ് ചെയ്തിരിക്കുന്നത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. എട്ടുപേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!