
കൊച്ചി: കേരള ഫാഷന്‍ ലീഗ് സീസണ്‍ 12 ഗ്രാന്റ് ഹയാത്തില്‍ അരങ്ങേറി. ഫാഷന്‍ ലീഗ് സ്ഥാപകനും സി ഇ ഒയും ഫാഷന്‍ പ്രൊഡ്യൂസറുമായ അഭില്‍ദേവിന്റെ നേതൃത്വത്തിലാണ് മികച്ച പ്രൊഡക്ഷന്‍ സെറ്റപ്പില്‍ എല്‍ ഒ ഇ കേരള ഫാഷന്‍ ലീഗ് അവതരിപ്പിച്ചത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം സൂപ്പര്‍ മോഡലുകളാണ് റാംപില്‍ ഡിസൈനര്‍ വസ്ത്രങ്ങളുമായി ചുവടുവെച്ചത്

സെലിബ്രിറ്റി മോഡലുകളായി ബോളിവുഡ് താരം മീനാക്ഷി ദീക്ഷിത്, മലയാള ചലച്ചിത്ര താരങ്ങളായ അപര്‍ണ ബാലമുരളി, ആര്‍ഷ ചാന്ദ്‌നി ബൈജു, പ്രാചി തെഹ്ലന്‍, ആര്‍ക്കിടെക്ടും നടിയും ബിഗ്‌ബോസ് താരവുമായ വേദ് ലക്ഷ്മി, ആര്യന്‍ കാത്ത്, ഗിസല്ലെ തക്റാല്‍, ലോ ആന്റ് ഓര്‍ഡര്‍ താരം ഡോണ്‍ മിഖായേല്‍ എന്നിവര്‍ റാംപിലെത്തി.
മിഥുന്‍ രമേഷും മീര അനിലുമായിരുന്നു അവതാരകര്‍.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രൈഡല്‍ വെയര്‍ ബ്രാന്‍ഡായ ലേബല്‍ എം ‘ബ്രൈഡല്‍ എഡിറ്റ് 2026- 27’ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ നടന്ന ഫാഷന്‍ ഷോയില്‍ പുതിയ ബ്രൈഡല്‍ ശേഖരം അവതരിപ്പിച്ചു.
‘ഫോര്‍ ചാപ്റ്റേഴ്സ് ഓഫ് ബ്രൈഡല്‍ എഡിറ്റ് 2026’ എന്ന പേരില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയില്‍ നാല് വ്യത്യസ്ത ബ്രൈഡല്‍ ശേഖരങ്ങളാണ് അവതരിപ്പിച്ചത്. ‘ദി കത്തീഡ്രല്‍ എഡിറ്റ്’, ‘ദി ഗാര്‍ഡന്‍ എഡിറ്റ്’, ‘ദി എംബെല്ലിഷ്മെന്റ് എഡിറ്റ്’, ‘ദി റോയല്‍ എഡിറ്റ്’ എന്നിവയായിരുന്നു ശേഖരങ്ങള്‍.
പരമ്പരാഗത ബ്രൈഡല്‍ ശൈലികള്‍ക്ക് സമകാലിക രൂപഭാവം നല്‍കുന്നതാണ് ശേഖരങ്ങളുടെ പ്രത്യേകത. ഫ്രഞ്ച് ലേസ്, പുഷ്പാലങ്കാരങ്ങള്‍, കൈത്തുന്നല്‍, പരമ്പരാഗത ബനാറസി തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് വസ്ത്ര ഡിസൈനിംഗിന് ഉപയോഗിച്ചിരിക്കുന്നത്. വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ ബ്രൈഡല്‍ വെയറിനും സൂക്ഷ്മമായ കരകൗശലത്തിനും പ്രാധാന്യം നല്‍കുന്നതായിരുന്നു ഫാഷന്‍ ഷോ.
നടി അപര്‍ണ ബാലമുരളിയായിരുന്നു ഷോയിലെ ഷോസ്റ്റോപ്പര്‍. തവിട്ടുനിറത്തിലുള്ള വ്യത്യസ്തമായ ബ്രൈഡല്‍ വസ്ത്രത്തിലാണ് അപര്‍ണ റാംപിലെത്തിയത്. സാധാരണ കാണുന്ന വെള്ള, ചുവപ്പ്, പാസ്റ്റല്‍ നിറങ്ങളില്‍നിന്ന് വ്യത്യസ്തമായ വസ്ത്രത്തില്‍ സൂക്ഷ്മമായ കൈത്തുന്നലും ശ്രദ്ധേയമായ മൂടുപടവും ഉള്‍പ്പെടുത്തിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അനുവും രേഷ്മയും ചേര്‍ന്ന് 2007ല്‍ പനമ്പിള്ളി നഗറിലെ മന്നത്തിലൂടെയാണ് ‘ലേബല്‍ എം’ ആരംഭിച്ചത്. വ്യക്തിഗത ഡിസൈനുകള്‍, കൈത്തുന്നല്‍, കൃത്യമായ ഫിറ്റിങ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഉപഭോക്തൃ കേന്ദ്രീകൃത ബ്രൈഡല്‍ വെയറിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ സ്ഥാപനം ശ്രദ്ധ നേടി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വധുക്കള്‍ക്കായി ബ്രൈഡല്‍ വസ്ത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ‘ലേബല്‍ എം’ നടിമാരായ സംവൃത സുനില്‍, ഭാവന, മിയ, പേളി മാണി തുടങ്ങിയവരുടെ വിവാഹ വസ്ത്രങ്ങളുമായും സഹകരിച്ചിട്ടുണ്ട്.
പുതിയ ശേഖരത്തിലൂടെ ഓരോ വധുവിന്റെയും വ്യക്തിത്വത്തിനും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ, കാലാതീതമായ ബ്രൈഡല്‍ വസ്ത്രങ്ങള്‍ ഒരുക്കുന്നതിലുള്ള തങ്ങളുടെ സമീപനം തുടരുകയാണ് ‘ലേബല്‍ എം’.
ലാക്‌മേ ഫാഷന്‍ വീക്ക് ഗ്രാന്റ് ഫിനാലെ ഡിസൈനര്‍ ഗീഷ ഡിസൈന്‍സ് ഡല്‍ഹിയുടെ പാറസ് ആന്റ് ശാലിനി, ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ വീക്കായ ഇന്ത്യ കോട്ട്യൂര്‍ ഫാഷന്‍ വീക്ക് ഡിസൈനര്‍മാരായ റീനു ടണ്ടന്‍, നിഖിത ടണ്ടന്‍, രമേഷ് ഡംബ്ല, ഹരി ആനന്ദ്, ലേബല്‍ എമ്മിന്റെ അനു ആന്റ് രേഷ്മ, സെലിബ്രിറ്റി ഡിസൈനര്‍ ജിഷാദ് ശംസുദ്ദീന്‍ എന്നിവരാണ് കേരള ഫാഷന്‍ ലീഗിന്റെ ഡിസൈനര്‍മാര്‍. ശാം ഖാന്‍, ഫഹീം രാജ, ജൂഡ് ഫെലിക്‌സ്, ഡാലു കൃഷ്ണദാസ് എന്നിവരാണ് ഫാഷന്‍ ഷോ ഡയറക്ടര്‍മാര്‍.
ശിവപ്രസാദ്, രാകേഷ്, അഭിഷേക്, ഡോ. സജ്ന, അല്‍ നിഷാന്‍ ഷാഹുല്‍, റെമിന്‍ പ്രിയങ്ക തുടങ്ങിയവര്‍ പങ്കെടുത്തു.

