

ലഖ്നൗ: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ബി ജെ പി നേതാവ് ഉള്‍പ്പെടെ നാലുപേര്‍ കൂടി അറസ്റ്റിലായി. സുമിത് ജെയ്‌സ്വാള്‍, നന്ദന്‍ സിംഗ് ഭിഷ്ട്, ശിശുപാല്‍, സത്യപ്രകാശ് ത്രിപാഠി എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സുമിത് ജെയ്‌സ്വാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്ന വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.

നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും സംഘവും വാഹനം ഓടിച്ചു കയറ്റിയാണ് അപകടമുണ്ടാക്കിയത്. ആശിഷ് മിശ്രയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആദ്യം ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉത്തര്‍പ്രദേശ് പൊലീസ് തയ്യാറായില്ലെങ്കിലും കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ഗത്യന്തരമില്ലാതെ പിടികൂടുകയായിരുന്നു. ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ് ഐ ആറിലുണ്ട്. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ് ഐ ആറില്‍ പറയുന്നുണ്ട്.
സമാധാനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ് യു വിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്ക് നേരെ എസ് യു വി പാഞ്ഞടുക്കുന്നതും അവരെ ഇടിച്ചിട്ട് പോകുന്നതും ദൃശ്യത്തിലുണ്ട്. ഇതിന് പിറകേയായി സൈറണ്‍ മുഴക്കി മറ്റൊരു വാഹനവും കടന്നുപോകുന്നുണ്ട്.

യു എസ് സന്ദര്‍ശനത്തിനിടെ വിദ്യാര്‍ഥികള്‍ കര്‍ഷക സമരത്തെ കുറിച്ച് ചോദിച്ചതിനെ തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെ ധനമന്ത്രി നിര്‍മലാ സീതാരാമന് സംഭവത്തെ അപലപിക്കേണ്ടി വന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത്ഷായോ ഇതേക്കുറിച്ച് ഇത്രയും നാളായിട്ടും ഒരക്ഷരം മിണ്ടിയിട്ടില്ല.

