

ബെംഗളൂരു: കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ നിന്നും ശ്രീനാരായണ ഗുരുവും പുറത്തായി. കഴിഞ്ഞ ദിവസമാണ് ഭഗത് സിംഗിനെ പാഠപുസ്തകത്തില്‍ നിന്നും പുറത്താക്കിയത്. പെരിയാറിനേയും പാഠപുസ്തകത്തില്‍ നിന്ന് പുറത്താക്കാന്‍ ജാഗ്രത കാണിച്ച ബി ജെ പി സര്‍ക്കാര്‍ ആര്‍ എസ് എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പ്രസംഗം പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ശ്രീനാരായണ ഗുരുവിനെ പാഠപുസ്തകത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധത്തിന് വഴിയൊരുങ്ങുന്നു. ശ്രീനാരായണ ഗുരു ആശയങ്ങളെ പിന്തുടരുന്ന തീരദേശ, മലനാട് മേഖലകളിലെ ബില്ലവ വിഭാഗങ്ങളാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്. ഗുരുവിനെ പാഠപുസ്തകത്തില്‍ നിന്ന് പുറത്താക്കിയതില്‍ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി.

ഏപ്രിലില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ 90-ാം വാര്‍ഷിക യോഗത്തില്‍ ശ്രീനാരായണ ഗുരുവിനെ വാഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി നാടകമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞെന്ന് എം എല്‍ സിയും ദക്ഷിണ കന്നഡ കോണ്‍ഗ്രസ് ജില്ല കമ്മറ്റി അധ്യക്ഷനുമായ കെ ഹരീഷ് കുമാര്‍ പറഞ്ഞു. പെരിയാറിനെയും നാരായണ ഗുരുവിനെയും പാഠപുസ്തകങ്ങളില്‍ നിന്ന് പുറത്താക്കിയത് സ്ഥാപിത താല്‍പര്യങ്ങളെ സംരക്ഷിക്കാനാണ്. ബി ജെ പി സര്‍ക്കാര്‍ ഈ മഹാന്‍മാരുടെ പാഠങ്ങള്‍ അടിയന്തിരമായി ഉള്‍പ്പെടുത്തണം. ഇല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മഹാനായ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവിനെ അപമാനിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ജെ ആര്‍ ലോബോ പറഞ്ഞു. അവരുടെ പാഠങ്ങള്‍ ഉള്‍പ്പെടുത്താന്‍ ഇനിയും സമയം അവസാനിച്ചിട്ടില്ല. റിപ്പബ്ലിക്ക് ദിനത്തില്‍ ഗുരുവിനെ ഉള്‍പ്പെടുത്തിയ കേരള സംസ്ഥാനത്തിന്റെ ടാബ്ലോ ഒഴിവാക്കിയതും ബോധപൂര്‍വമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

