ലഖിംപൂര്‍ ഖേരി; മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

Web Desk
1 Min Read

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിലേക്ക് വാഹനമോടിച്ചു കയറ്റിയതിനെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയാ കേസെടുത്തു. മാധ്യമ പ്രവര്‍ത്തകനായ രമണ്‍ കശ്യപ് കൊല്ലപ്പെട്ട സംഭവത്തിലാണ് സ്വമേധയാ കേസെടുത്ത പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വസ്തുതകളെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

city exchange

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാനായാണ് രമണ്‍ കശ്യപ് സ്ഥലത്തെത്തിയത്. പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനമോടിച്ച് കയറ്റിയതിന്റെ വീഡിയോ ചിത്രീകരിച്ചത് രമണ്‍ കശ്യപായിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കാണാതായത്.

പരിസരത്തുള്ള ആശുപത്രിയുടെ മോര്‍ച്ചറിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് മൃതദേഹം ലഭിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

- Advertisement -
Ad image

തന്റെ മകന്‍ ചെയ്തത് മാധ്യമ പ്രവര്‍ത്തകന്റെ കടമയാണെന്നാണ് രമണ്‍ കശ്യപിന്റെ പിതാവ് റാം ദുലാരി പ്രതികരിച്ചത്. തിരിച്ചറിയാത്ത ഒരു മൃതദേഹമുണ്ടെന്ന് പറഞ്ഞ് തനിക്ക് പുലര്‍ച്ചെ മൂന്നു മണിക്ക് ഒരു ഫോണ്‍കോള്‍ വന്നതായും മോര്‍ച്ചറിയിലേക്ക് പോയപ്പോള്‍ അത് തന്റെ മകനാണെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

രമണിന്റെ ശരീരത്തില്‍ വെടിയേറ്റ പാടുകളുണ്ടെന്നും റീ പോസ്റ്റ്മോര്‍ട്ടം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകന്‍ രമണ്‍ കശ്യപിന്റെ മരണം അധികാരികള്‍ കൃത്യമായ രീതിയില്‍ അന്വേഷിക്കണമെന്ന് കമ്മിറ്റി ടു പ്രൊടക്ട് ജേര്‍ണലിസ്റ്റിന്റെ ഏഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീവന്‍ ബട്ലര്‍ പറഞ്ഞു. കശ്യപിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരികയും അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തുകയും വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിലുള്ള അവസ്ഥ ഒരിക്കലും വരാന്‍ പാടില്ലെന്നും മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ അധികാരികള്‍ ഇനിയെങ്കിലും കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

രമണ്‍ കശ്യപ് ഉള്‍പ്പെടെ ഒന്‍പത് പേര്‍ മരിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share This Article
Leave a Comment
error: Content is protected !!