
ന്യൂഡല്‍ഹി: ലഖീംപൂര്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം കടുപ്പിട്ട് കോണ്‍ഗ്രസ്. മന്ത്രിയെ പുറത്താക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കണ്ടു. രാഹുല്‍ ഗാന്ധി , പ്രിയങ്ക ഗാന്ധി, എകെ ആന്റണി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഖെ എന്നവരാണ് രാഷ്ട്രപതിഭവനിലെത്തിയത്.


സാധാരണക്കാര്‍ക്ക് നീതി കിട്ടുമെന്ന് ഉറപ്പ് വരുത്താന്‍ അജയ് മിശ്രയുടെ രാജി വേണമെന്ന് രാഷ്ട്രപതിയെ കണ്ടശേഷം പ്രിയങ്ക പ്രതികരിച്ചു. മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ കണ്ടിരുന്നെന്നും അവര്‍ പറഞ്ഞത് അവര്‍ക്ക് നീതി വേണം എന്നാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിയെ പുറത്താക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കിയത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ആശിഷ് മിശ്രയുടെ മൊഴികളില്‍ നിറയെ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് കോടതിയോട് വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സമയം സ്ഥലത്തില്ലായിരുന്നുവെന്ന ആശിഷ് മിശ്രയുടെ വാദം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ റിപ്പോര്‍ട്ട് പൊളിച്ചു. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചത് തന്റെ ഡ്രൈവറല്ലെന്ന വാദവും തെറ്റായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
