

ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പാക്കേണ്ട റയില്‍വേ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ബെന്നി ബഹനാന്‍ എം പി റയില്‍വേ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ദക്ഷിണ റയില്‍വേ മാനേജരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടു. ശബരി റയില്‍വേ പദ്ധതിക്ക് വേണ്ടിയുള്ള ബജറ്റ് വിഹിതം കൂട്ടണം. ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളില്‍ നിര്‍ത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പേജ് പുനഃക്രമീകരിക്കണം.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ പടിഞ്ഞാറു ഭാഗത്ത് കെ എ എസ് ആര്‍ ടി സി ബസ് സ്റ്റേഷന് സമീപം പുതിയ പ്രവേശന കവാടം നിര്‍മ്മിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. കൂടാതെ ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളില്‍ എസ്‌കലേറ്റര്‍ സ്ഥാപിക്കണം. ആലുവയില്‍ മള്‍ട്ടി സ്റ്റേഷന്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണം. ചൊവ്വര റയില്‍വേ സ്റ്റേഷന് സമീപം പുറയാര്‍ ലെവല്‍ ക്രോസ്സിനു പകരം റയില്‍വേ മേല്‍പ്പാലം ഉടന്‍ നിര്‍മ്മിക്കണം. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന ആലുവ റയില്‍വേ സ്റ്റേഷനില്‍ പതിനാറോളം പ്രധാന ട്രെയിനുകള്‍ക്ക് സ്റ്റോപ്പില്ല. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കാന്‍ നടപടി സ്വീകരിക്കണം. കൂടാതെ അടിയന്തിരമായി ട്രിവാന്‍ഡ്രം എക്‌സ്പ്രസ്സിനും കണ്ണൂര്‍ ജനശതാബ്ദിക്കും ആലുവയില്‍ സ്റ്റോപ്പനുവദിക്കണം. പ്ലാറ്റ്‌ഫോമിന് കുറുകെ ലെവല്‍ ക്രോസ്സ് നിലനില്‍ക്കുന്നതിനാല്‍ കടുത്ത ഗതാഗതക്കുരുക്കനുഭവപ്പെടുന്ന അങ്കമാലി റയില്‍വേ സ്റ്റേഷനില്‍ റയില്‍വേ മേല്‍പ്പാലം ഉടന്‍ നിര്‍മ്മിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കാലടി- മലയാറ്റൂര്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ അങ്കമാലി റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ പാലരുവി എക്‌സ്പ്രസ്, ധന്‍ബാദ് എക്‌സ്പ്രസ്സ്, ഏറനാട് എക്‌സ്പ്രസ്സ്, രാജ്യറാണി എക്‌സ്പ്രസ്സ്, അമൃത എക്‌സ്പ്രസ്സ്, നേത്രാവതി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ക്ക് അങ്കമാലിയില്‍ സ്റ്റോപ്പനുവദിക്കണം. ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍ പാലരുവി എക്‌സ്പ്രസ്സ്, ധന്‍ബാദ് എക്‌സ്പ്രസ്സ്, ചെന്നൈ മെയില്‍, അമൃത എക്‌സ്പ്രസ്സ്, കൊച്ചുവേളി മംഗലാപുരം എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കണം. മുരിങ്ങൂര്‍ ധ്യാനകേന്ദ്രം റെയില്‍വേക്ക് പണം ഡെപ്പോസിറ്റ് നല്‍കി നിര്‍മിക്കുകയും ധ്യാനകേന്ദ്രത്തിന്റെ ചിലവില്‍ പരിപാലിച്ചു വരികയും ചെയ്തു വരുന്ന മുരിങ്ങൂര്‍ ഡിവൈന്‍ സ്റ്റേഷനില്‍ ലോക്ഡൗണിനു ശേഷം ട്രെയിന്‍ സര്‍വീസ് പുന:രാരംഭിച്ചപ്പോള്‍ മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന പല ട്രെയിനുകളുടെയും സ്റ്റോപ്പുകള്‍ എടുത്ത് കളഞ്ഞിരിക്കുകയാണ്. മുരിങ്ങൂര്‍ ഡിവൈന്‍ സ്റ്റേഷനില്‍ മുന്‍പ് സ്റ്റോപ്പുണ്ടായിരുന്ന നാഗര്‍കോവില്‍- മംഗലാപുരം എക്‌സ്പ്രസ്സ്, ഷൊര്‍ണൂര്‍- തിരുവനന്തപുരം എക്‌സ്പ്രസ്സ്, ചെന്നൈ- ആലപ്പുഴ എക്‌സ്പ്രസ്സ്, നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ എന്നീ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം. ആലുവ, അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ് ഫോമുകളില്‍ പൂര്‍ണ്ണമായും മേല്‍ക്കൂര സ്ഥാപിക്കുക, ചാലക്കുടി റെയില്‍വെ സ്റ്റേഷനില്‍ തകര്‍ന്ന നിലയിലുള്ള ഫൂട്ട് ഓവര്‍ബ്രിഡ്ജ് പുതുക്കിപ്പണിയുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.

ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതും മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനാവശ്യങ്ങള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് യോഗത്തില്‍ ഉറപ്പ് നല്‍കിയതായി എം പി അറിയിച്ചു. കൂടാതെ ആലുവ, അങ്കമാലി, ചാലക്കുടി റയില്‍വേ സ്റ്റേഷനുകള്‍ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും എം പി അറിയിച്ചു.

