ഉത്ര കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം

Web Desk
2 Min Read

കൊല്ലം: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഉത്ര കേസില്‍ വിധി. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.
ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം.. എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. പ്രതിയുടെ പ്രായവും ഇതിനു മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ കോടതി പരിഗണിച്ചു. നഷ്ടപരിഹാരമായി നല്‍കുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.
വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. വധശിക്ഷനല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയില്‍ പറയുന്നുവെങ്കിലും പ്രതിയുടെ പ്രായവും കുറ്റകൃത്യങ്ങളുടെ മുന്‍കാല ചരിത്രമില്ല എന്നതും പരിഗണിച്ചാണ് കോടതി വധശിക്ഷയില്‍ ഇളവ് ചെയ്തത്. സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ ഭര്‍ത്താവ് മുര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയെന്നത് ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂര്‍വതകള്‍ ഏറെ നിറഞ്ഞ കേസിലാണ് ഒടുവില്‍ കോടതിയുടെ വിധിയെത്തുന്നത്. 87 സാക്ഷികള്‍ നല്‍കിയ മൊഴികളും ,288 രേഖകളും. 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് വിധി പ്രഖ്യാപിച്ചത്. വിചാരണയുടെ തുടക്കം മുതല്‍ താന്‍ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്റെ വാദങ്ങള്‍ പൊളിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷന്‍. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത കുറ്റാന്വേഷണചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്രക്കേസുണ്ട്. രാജ്യത്ത് ഇതിനു മുന്‍പ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊല്ലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തില്‍ സൂരജിനെതിരെ ചാര്‍ത്തിയായത്. കേസില്‍ ആദ്യം പ്രതി ചേര്‍ക്കപ്പെട്ട പാമ്പു പിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിന്റേത്. സൂരജിനെ പാമ്പുകളെ കൊടുത്തിടിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാന്‍ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാന്‍ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിന്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!