വികസനത്തിന് ഭൂമിയേറ്റെടുക്കലിനേക്കാള്‍ നല്ലത് ലാന്‍ഡ് പൂളിംഗ്: എ എ ജി അശോക് എം ചെറിയാന്‍

Web Desk
2 Min Read

കൊച്ചി: നഗരവികസനത്തിനായും അടിസ്ഥാന സൗകര്യ വികസനത്തിനായും ഭൂമിയേറ്റെടുക്കുന്നതിന് പകരം ലാന്‍ഡ് പൂളിങ് സമ്പ്രദായം നിര്‍ദ്ദേശിച്ച് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ (എ എ ജി) അശോക് എം ചെറിയാന്‍. നിയമാനുസൃതമായ നിയന്ത്രണങ്ങളോടെ ഈ രീതി പിന്തുടര്‍ന്നാല്‍ പദ്ധതികള്‍ കൂടുതല്‍ മെച്ചത്തില്‍ നടപ്പിലാക്കാമെന്നും എ എ ജി പറഞ്ഞു.

city exchange

പരാതി പരിഹാര സംവിധാനങ്ങളും അപ്പീല്‍ ഫോറങ്ങളും ഉപയോഗിച്ച് സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന മാത്രമേ ലാന്‍ഡ് പൂളിംഗ് നടത്താവൂ എന്ന് അദ്ദേഹം കൊച്ചിയില്‍ വെള്ളിയാഴ്ച പറഞ്ഞു.

ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിച്ച ‘ടൗണ്‍ പ്ലാനിംഗ് നിയമനിര്‍മാണത്തെക്കുറിച്ചുള്ള സാങ്കേതിക സെഷന്‍’ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബറില്‍ സംഘടിപ്പിക്കുന്ന ബോധി നാഷണല്‍ അര്‍ബന്‍ കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കുന്ന മൂന്ന് സെമിനാറുകളുടെ പരമ്പരയിലെ രണ്ടാമത്തെ പരിപാടിയാണ് വെള്ളിയാഴ്ച നടന്നത്.

- Advertisement -
Ad image

‘ലാന്‍ഡ് പൂളിംഗ് പ്രക്രിയ നടപ്പിലാക്കാന്‍ സ്വകാര്യ ഏജന്‍സികളെ അനുവദിച്ചാല്‍ നിര്‍ബന്ധിത മാര്‍ഗങ്ങളിലൂടെ ഭൂവുടമകളില്‍ നിന്ന് സമ്മതം വാങ്ങാനുള്ള എല്ലാ സാധ്യതയും ഉണ്ടാകും. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ചൂഷണം ചെയ്യാനുമിടയുണ്ട്. ഇവയൊഴിവാക്കുന്നതിന് ലാന്‍ഡ് പൂളിംഗ് പ്രക്രിയ നിയമാനുസൃതമായി നിയന്ത്രിക്കപ്പെടുകയും സര്‍ക്കാര്‍ ഏജന്‍സികളുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും വിധേയമാകുകയും വേണം’- അശോക് എം ചെറിയാന്‍ പറഞ്ഞു.

ലാന്‍ഡ് പൂളിംഗ് പദ്ധതികള്‍ നഗരവികസനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മാത്രമായി പരിമിതപ്പെടുത്തിയില്ലെങ്കില്‍ കര്‍ഷകര്‍ കബളിപ്പിക്കപ്പെടാനിടയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൃഷിഭൂമി തട്ടിയെടുക്കപ്പെടാനും കര്‍ഷകര്‍, പ്രത്യേകിച്ചും പാട്ടകൃഷിക്കാര്‍, വ്യാജ വാഗ്ദാനങ്ങളാല്‍ വഞ്ചിക്കപ്പെടാനുമിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പൂള്‍ ചെയ്ത ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി ഉപയോഗിക്കരുതെന്ന് നിയമപരമായി നിര്‍ബന്ധിതമാക്കേണ്ടതുണ്ട്. കര്‍ശന പരിശോധന നടപടികളില്ലെങ്കില്‍, ഒരുമിച്ച് പൂള്‍ ചെയ്ത ഭൂമി ദുരുപയോഗം ചെയ്യപ്പെടാനുള്ള എല്ലാ സാധ്യതയുമുണ്ട്. ലാന്‍ഡ് പൂളിംഗ് നടപ്പാക്കുന്നതിലൂടെ അധികാരികള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിന് വരുന്ന ഭാരിച്ച ചിലവൊഴിക്കാം. കൂടാതെ ഭൂവുടമകള്‍ക്ക് വികസിതമായ തങ്ങളുടെ ഭൂമിക്ക് കൂടുതല്‍ മൂല്യം ലഭിക്കുകയും ചെയ്യാം. ലാന്‍ഡ് പൂളിങ്ങില്‍ കുടിയൊഴിപ്പിക്കല്‍ സംബന്ധിച്ച പരാതികള്‍ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.’ – എ എ ജി പറഞ്ഞു.

ജി സി ഡി എ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി അബ്ദുല്‍ മാലിക് ‘ടൗണ്‍ പ്ലാനിംഗ് നിയമങ്ങള്‍’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. കൊച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജി സി ഡി എയും ക്രെഡായിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരമ്പരയിലെ മൂന്നാമത്തെ സെമിനാര്‍ ഒക്ടോബര്‍ മൂന്നിന് കലൂര്‍ ക്രെഡായ് കോണ്‍ഫറന്‍സ് ഹാളില്‍ ‘അര്‍ബന്‍ ഫിനാന്‍സിംഗ്’ എന്ന വിഷയത്തില്‍ നടക്കും. ടി ഡി ആര്‍, താമസം, സംവരണം, മുനിസിപ്പല്‍ ബോണ്ട്, പി പി പി പ്രോജക്ടുകള്‍, ബെറ്റര്‍മെന്റ് ലെവി, ലാന്‍ഡ് പൂളിംഗ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറിന് ജി സി ഡി എ സെക്രട്ടറി കെ വി അബ്ദുല്‍ മാലിക് നേതൃത്വം നല്‍കും. ബോധി നാഷണല്‍ അര്‍ബന്‍ കോണ്‍ക്ലേവ് ഒക്ടോബര്‍ ഒമ്പതിനും പത്തിനും ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പൊതുജനങ്ങള്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ http://www.nationalurbanconclave.com സന്ദര്‍ശിക്കുക.

Share This Article
Leave a Comment
error: Content is protected !!