

കൊച്ചി: ഒന്നരക്കൊല്ലത്തെ നിശ്ശബ്ദതയ്ക്ക് വിരാമം. വിദ്യാര്‍ഥികളും അധ്യാപകരും ഒരുപോലെ കാത്തിരുന്ന ദിനം ഇന്നെത്തി. പുതുവസ്ത്രങ്ങളണിഞ്ഞ് ബാഗും പുസ്തകവുമെടുത്ത് സ്കൂള്‍ ഗേറ്റിലെത്തിയ ഓരോ കുട്ടിയുടേയും ശരീരതാപനില പരിശോധിച്ച് കൈയ്യില്‍ സാനിറ്റൈസര്‍ കൊണ്ട കൈകള്‍ അണുവിമുക്തമാക്കി അധ്യാപകര്‍ സ്വീകരിച്ചു.

ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് സ്കൂളിലേക്കുള്ള ആദ്യപാഠം കരുതലിന്റേതായിരുന്നു. കൈകളില്‍ സാനിറ്റൈസര്‍ തളിച്ച് അവരെ ക്ലാസുകളിലേക്ക് ആനയിച്ചു. തോരണങ്ങളും ബലൂണും കുട്ടിച്ചിത്രങ്ങളും കൊണ്ട് സുന്ദരമാക്കിയ ക്ലാസുകളിലേക്കെത്തിയപ്പോള് കുട്ടികള്‍ക്കൊന്നും അപരിചിതത്വത്തിന്റെ വേവലാതികളുണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ അവര്‍ കണ്ട അധ്യാപികമാരെ നേരില്‍ കണ്ട സന്തോഷം മാത്രം.

ഒന്നു മുതല്‍ ഏഴു വരേയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് ഇന്ന് ആരംഭിച്ചത്. ആദ്യത്തെ മൂന്നു ദിവസം ക്ലാസിലെ പകുതി കുട്ടികളും അടുത്ത മൂന്നു ദിവസം ബാക്കി പകുതിയുമാണ് ക്ലാസുകളിലെത്തുക. ബയോബബിള്‍ ഉള്‍പ്പെടെ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികളെ ക്ലാസുകളില്‍ ഇരുത്തുകയും പുറത്തേക്ക് വിടുകയും ചെയ്യുക.

ചെറിയ ക്ലാസുകളില്‍ പലതിലും ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ നോര്‍ത്ത് ഇടപ്പള്ളിയില്‍ ഗേറ്റിനു വെളിയില്‍ അധ്യാപകര്‍ തെര്‍മല്‍ സ്കാനറും സാനിറ്റൈസറുമായി വിദ്യാര്‍ഥികളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഓരോ വിദ്യാര്‍ഥിയേയും പരിശോധിച്ച് അകത്തേക്ക് കയറ്റിവിട്ടപ്പോള്‍ ഓരോ ക്ലാസിലേയും അധ്യാപകര്‍ വിദ്യാര്‍ഥികളെ സ്വീകരിച്ച് ക്ലാസിലെത്തിച്ചു.
ഒന്നാം ക്ലാസിലെ കുസൃതികളോട് സമ്മാനപ്പൊതിയിലെന്തുണ്ടെന്ന സിനി ടീച്ചറുടെ ചോദ്യത്തിന് കുസൃതിക്കുടുക്കയുടെ ഉത്തരം ‘മുട്ടായി, ഡബ്ബറ്’ എന്നായിരുന്നു. അതുണ്ട്, പിന്നെയെന്തുണ്ടെന്ന ടീച്ചറുടെ ചോദ്യം തുടര്‍ന്നപ്പോള്‍ തങ്ങളുടെ സ്വപ്നത്തിലെ സാധനങ്ങള്‍ വിളിച്ചു പറയാനുള്ള തിരക്കിലായിരുന്നു കുട്ടികള്‍ പലരും.
സ്വാഗതം എന്റെ കുഞ്ഞുമക്കളേ എന്നെഴുതിയ ബ്ലാക്ക് ബോര്‍ഡും ആനയും പൂക്കളും കടുവയും മുയലുമെല്ലാമുള്ള മുഖംമൂടികളുമായി കുട്ടികള്‍ക്ക് ആദ്യദിനം ആനന്ദമായിരുന്നു. ശാരീരിക അകലം പാലിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും കുട്ടികള്‍ നേരത്തെ പഠിച്ചതുകൊണ്ട് അവര്‍ക്ക് അക്കാര്യങ്ങളിലൊന്നും സംശയങ്ങളുണ്ടായിരുന്നില്ല.
ഒന്നാം ദിവസം ടീച്ചര്‍ നല്കിയ സമ്മാനപ്പൊതിയും ബലൂണുകളും ഡസ്കില്‍ വരച്ചുവെച്ച കോഴിയും കുറുക്കനുമൊക്കെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്നുള്ള വ്യത്യാസം അവര്‍ക്ക് നല്‍കുകയും ചെയ്തു.
പ്രവേശനോത്സവത്തിന് സ്കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു കെ, അധ്യാപകരായ സിനി ടി എസ്, ഇന്ദു, മാഹിന്‍ ബാഖവി, നവീന്‍ പുതുശ്ശേരി, എലിസബത്ത് കെ എസ്, നവാസ് സി ഐ എന്നിവര്‍ നേതൃത്വം നല്കി.

