

കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എല്‍ ഡി എഫിനോട് ആവശ്യപ്പെടാന്‍ എല്‍ ജെ ഡി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം.

സീറ്റ് എല്‍ ജെ ഡിക്കു തന്നെ വേണമെന്ന് ആവശ്യപ്പെടുമെന്ന് വര്‍ഗീസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സീറ്റ് എല്‍ ജെ ഡിയുടെതാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ ഡി എഫാണ്. എല്‍ ജെ ഡിയുടെ ആവശ്യം എല്‍ ഡി എഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം സമ്പദ്ഘടനയെ താറുമാറാക്കുമെന്നും രാജ്യത്ത് അസമത്വം ഗുരുതരമായി വര്‍ധിക്കുകയാണെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു. അരങ്ങില്‍ ശ്രീധരന്റെ ജന്മശതാബ്ദി മാര്‍ച്ച് 23ന് കോഴിക്കോട്ട് വിപുലമായി ആചരിക്കും. പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റുമാരുടെ ക്യാംപ് ഏപ്രില്‍ ആദ്യം കണ്ണൂരില്‍ നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ വി കുഞ്ഞാലി, എം കെ ഭാസ്‌ക്കരന്‍, സണ്ണി തോമസ്, ആനി സ്വീറ്റി, ഇ പി ദാമോദരന്‍, സലീം മടവൂര്‍, എം കെ പ്രേംനാഥ്, വി സുരേന്ദ്രന്‍ പിള്ള, കെ ജെ സോഹന്‍, എന്‍ കെ വത്സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

