

ആലുവ: കീഴ്മട് ഗ്രാമപഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലെ 30 സ്ഥാപനങ്ങളില്‍ ‘ഹെല്‍ത്തി കേരള’യുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

പഞ്ചായത്ത് ലൈസന്‍സോ ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ തുരുമ്പു പിടിച്ച ഹൂക്കുകളില്‍ മാംസം വില്പനയ്ക്കയായി തൂക്കുകയും ചെയ്ത എം ഇ എസ് ജംഗ്ഷനിലെ ഇറച്ചി വില്പന കേന്ദ്രം തത്കാലികമായി അടച്ചു പൂട്ടി.

ഇരുമ്പിന്റെ തുരുമ്പിച്ച ഹുക്കുകളിലാണ് ഇറച്ചി തൂക്കിയിടുന്നത്. ആലുവ പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് റൂട്ടില്‍ റോഡരികില്‍ പൊടി പടലങ്ങള്‍ പിടിക്കുന്ന രീതിയിലാണ് മാംസം പ്രദര്‍ശിപ്പിച്ചിരുന്നത്. വൃത്തി ഹീനമായ സാഹചര്യത്തിലായിരുന്നു ഇറച്ചി വില്പന കേന്ദ്രം.
നാലാംമൈല്‍ എം ഇ എസ് ജംഗ്ഷനിലെ ഒരു ഹോട്ടലിനും നോട്ടീസ് നല്‍കി. ജലപരിശോധന നടത്തിയിരുന്നില്ല. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരുന്നില്ല.
പുകവലി മുന്നറിയിപ്പിന്റെ കോട്പ ബോര്‍ഡ് വെയ്ക്കാത്ത സ്ഥാപങ്ങള്‍ക്കും നോട്ടീസ് നല്‍കി. കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഐ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം എം സക്കീര്‍, സബ്‌ന കെ ബി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കേരള ഗവണ്മെന്റ് പൊതുജനാരോഗ്യ സംരക്ഷണത്തിനായി നടപ്പില്‍ വരുത്തിയ
‘കേരള പൊതുജനാരോഗ്യ ആക്ട് -2023’ നിയമ പ്രകാരം വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കും എന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം ഐ സിറാജ് അറിയിച്ചു.

