Business
കോഴിക്കോടിന്റെ ഐ ടി- ടൂറിസം മേഖലയുടെ മുഖച്ഛായ മാറ്റാന്‍ ലുലു
കോഴിക്കോട്: മലബാറിന്റെ വാണിജ്യ വികസന സൂചികയില്‍ പുതുചരിത്രമെഴുതും ലുലു.
കോഴിക്കോട് മാങ്കാവില്‍ തുറന്ന പുതിയ ലുലു മാള്‍ നഗരത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായക കേന്ദ്രമായി മാറും. പുതിയ മാള്‍ തുറന്നതോടെ രണ്ടായിരം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമേ അമ്പതോളം പുതിയ ഷോപ്പുകളും കിയോസ്‌ക്കുകളും തുറക്കുന്നതിനാല്‍ നിരവധി പേര്‍ക്ക് അധിക ജോലി അവസരമൊരുങ്ങിയിരിക്കുകയാണ്.
നികുതിയിനത്തില്‍ മാത്രം കോടികളാണ് നഗരസഭയ്ക്ക് മാത്രം ലഭിക്കുക. വൈദ്യുതി, ജല നികുതി അടക്കം സര്‍ക്കാരിന് ലഭിക്കുന്ന അധിക വരുമാനം വേറെ.
കോഴിക്കോടിന്റെ ഐ ടി മുഖച്ഛായ തന്നെ മാറ്റിയെഴുതുന്നതാണ് ലുലുവിന്റെ കടന്നുവരവെന്ന് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടന ചടങ്ങില്‍ ചൂണ്ടികാട്ടിയിരുന്നു. അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സാന്നിധ്യവും ആഗോള ഷോപ്പിങ്ങ് സാധ്യതയും ഐ ടി ജീവനക്കാര്‍ ഉള്‍പ്പടെ യുവതലമുറയെ നഗരത്തിലേക്ക് ആകര്‍ഷിക്കുമെന്ന് മേയര്‍ കൂട്ടിചേര്‍ത്തു. കോഫി ഹൗസ് വര്‍ക്ക് സംസ്‌കാരമാണ് പുതിയ തലമുറ കൂടുതലും താത്പര്യപ്പെടുന്നത്. ഐ ടി ടൂറിസം മേഖലയ്ക്ക് ഉണര്‍വ് ലഭിക്കുന്നതോടെ ആഗോള കമ്പനികളുടെ കടന്നുവരവിനും നഗരത്തിന്റെ സമഗ്രവികസനവുമാണ് സാധ്യമാകുക എന്നും മേയര്‍ വ്യക്തമാക്കി.
ഹാപ്പിനെസ് ഇന്‍ഡെക്‌സ് സൂചിക വര്‍ധിപ്പിക്കാനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ക്ക് കരുത്തേകുന്നത് കൂടിയാണ് ലുലുവിന്റെ സാന്നിധ്യം.
കര്‍ഷകര്‍ക്കും കുടുംബശ്രീ കൂട്ടായ്മകള്‍ക്കും ലുലു കൈത്താങ്ങേകുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ വാങ്ങി മികച്ച നിരക്ക് കര്‍ഷകര്‍ക്ക് ഉറപ്പാക്കുകയാണ് ലുലു. മലബാറിലെ കര്‍ഷകര്‍ക്ക് വലിയ സഹായമേകുന്നതാണ് ഈ നീക്കം. പൗള്‍ട്രി ഫാമുകള്‍ക്കും വലിയ പിന്തുണയാണ് ലുലുവിന്റെ ചുവടുവയ്പ്പ്. കര്‍ഷകര്‍ക്ക് നല്ല നിരക്ക് ലഭ്യമാകുന്നതിനൊപ്പം മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താകള്‍ക്കും കിട്ടുന്നു.
ജൈവകൃഷിയെ പ്രത്സാഹിപ്പിക്കാനും ജൈവകര്‍ഷകര്‍ക്ക് കൈത്താങ്ങാകാനും ഓര്‍ഗാനിക് ഉത്പന്നങ്ങളുടെ പ്രത്യേക ശ്രേണിയും ലുലു ഉറപ്പാക്കിയിട്ടുണ്ട്. ഫ്രഷ് ഫാം ശേഖരമാണ് പച്ചക്കറി, പാല്‍, പഴം ഉത്പന്നങ്ങള്‍ക്കായുള്ളത്. കുടുംബശ്രീ ഉള്‍പ്പടെ പ്രദേശിക സംഘങ്ങള്‍ക്ക് പിന്തുണ നല്‍കി പ്രത്യേക ഹോം മെയ്ഡ് ഉത്പന്നങ്ങളുടെ വിപണന ശ്രേണിയും ഒരുക്കുന്നുണ്ട്.
വിനോദ സഞ്ചാര രംഗത്തും നവാധ്യായം തുറക്കുകയാണ് ലുലു. ലോകത്തെ വിവിധ രാജ്യങ്ങളിലായുള്ള ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രങ്ങളിലൂടെ ആഗോള ഉത്പന്നങ്ങള്‍ ലുലുവില്‍ ഉറപ്പാക്കിയിട്ടുണ്ട്. യു എസിലെ ആപ്പിള്‍ മുതല്‍ ആഫ്രിക്കയിലെ ഉത്പന്നങ്ങള്‍ വരെ ഒരു കുടക്കീഴില്‍ അണിനിരത്തുന്നു.
മലബാര്‍ രുചിക്കൊപ്പം ആഗോള വിഭവങ്ങളുടെ സ്വാദും ഏവര്‍ക്കും ആസ്വദിക്കാം. കുട്ടികളുടെ ഇന്‍ഡോര്‍ വിനോദ കേന്ദ്രമായ ഫണ്‍ടൂറ കുരുന്നുകളുടെ പ്രിയപ്പെട്ട ഇടമാകും. പതിനായിരം സ്‌ക്വയര്‍ ഫീറ്റിലുള്ള ഫണ്‍ടൂറ വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വിനോദ കേന്ദ്രമാണ്. വിനോദസഞ്ചാര രംഗത്ത് മലബാറിന്റെ ആഗോള മുഖമാകും കോഴിക്കോട് ലുലു മാള്‍.
മിഠായി തെരുവിലും കാപ്പാട് ബീച്ചിലും പോകുന്നവര്‍ക്ക് ലോകോത്തര ഷോപ്പിങ്ങ് അനുഭവം ആസ്വദിക്കാന്‍ ലുലു മാളിലും എത്താതെ മടങ്ങാനാകില്ലല്ലോ. ഗസലും രുചിഭേദങ്ങളും ഇഴുകിചേര്‍ന്ന മലബാറിന്റെ മണ്ണില്‍ സൗഹൃദത്തിന്റെ കൂട്ടായ്മയുടെയും അടയാളമായി ലുലുവും ഇടം രേഖപ്പെടുത്തുന്നു.
കൂടാതെ, ഓട്ടോ, ടാക്‌സി, ബസ് ജീവനക്കാര്‍ക്കും കൂടുതല്‍ വരുമാനത്തിന് വഴിതുറന്നിരിക്കുകയാണ് ലുലുവിന്റെ പുതിയ ഷോപ്പിങ് കേന്ദ്രം.
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് നെടുംതൂണാകുന്നതാണ് ലുലുവിന്റെ പദ്ധതികള്‍. കോഴിക്കോട് വലിയ മാളും അത്യാധുനിക ഹോട്ടലും ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഉദ്ഘാടന വേളയില്‍ വ്യക്തമാക്കിയിരുന്നു. കോഴിക്കോടിന്റെ ആധുനിക വത്കരണത്തിലേക്കുള്ള ചുവടുവയ്‌പ്പെന്നാണ് പുതിയ മാളിനെക്കുറിച്ച് അദേഹം വിശേഷിപ്പിച്ചത്.
കൊച്ചി, തിരുവനന്തപുരം പോലെ കോഴിക്കോടിന്റെയും സമഗ്ര വികസനത്തിനാണ് വഴിതുറന്നിരിക്കുന്നത്. വടക്കന്‍ കേരളത്തിന്റെ വികസനത്തില്‍ പുതിയ അധ്യായത്തിനാണ് തുടക്കമായിരിക്കുന്നത്.