
മനാമ: മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷം ഒക്ടോബര്‍ 2ന് കെ സി എ ഹാളില്‍ സംഘടിപ്പിച്ചു. സത്യം, അഹിംസ, സമാധാനം, സഹിഷ്ണുത എന്നീ ഗാന്ധിയന്‍ മൂല്യങ്ങളുടെ പ്രസക്തി ഉയര്‍ത്തിപ്പിടിച്ചായിരുന്നു പരിപാടി.

പ്രസിഡന്റ് ബാബു കുഞ്ഞു രാമന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ അബ്രഹാം ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ‘വര്‍ത്തമാനകാല സാഹചര്യത്തില്‍ മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ പ്രസക്തി’ എന്ന വിഷയത്തില്‍ സംസാരിച്ച അദ്ദേഹം, സമൂഹത്തില്‍ സമാധാനം, സഹിഷ്ണുത, ഐക്യം, അഹിംസ, സാമൂഹിക ഉത്തരവാദിത്വം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.

പ്രോഗ്രാം കണ്‍വീനര്‍ എബി തോമസ് സ്വാഗതം പറഞ്ഞു. മുന്‍ എം ജി സി എഫ് പ്രസിഡന്റ് അനില്‍ തിരുവല്ല, അജിത് കണ്ണൂര്‍, വിനോദ് കണ്ണൂര്‍, മുജീബ് റഹ്മാന്‍, അജി പി ജോയ്, എബ്രഹാം മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി തുടര്‍ന്നും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. വിവിധ പരിപാടികള്‍ക്ക് ശേഷം വിപുലമായ സമാപന സമ്മേളനവും സംഘടിപ്പിക്കും. രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖര്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.
സമാപന പരിപാടിയുടെ സംഘാടക സമിതി ചെയര്‍മാനായി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു. എബി തോമസിനെയും അനില്‍ തിരുവല്ലയെയും ജനറല്‍ കണ്‍വീനര്‍മാരായും അജിത് കണ്ണൂരിനെ പബ്ലിസിറ്റി കണ്‍വീനറായും ചുമതലപ്പെടുത്തി.
മഹാത്മാഗാന്ധിയുടെ ആശയങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും സമൂഹത്തില്‍ ഐക്യം, സമാധാനം, സഹിഷ്ണുത, അഹിംസ തുടങ്ങിയ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതല്‍ ജനപങ്കാളിത്തത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

