മക്ക സഖ്യത്തിന്റെ പ്രതിരോധ കരാര്‍: സൗദിയിലേക്ക് സൈനികരെ വിന്യസിക്കാന്‍ തുര്‍ക്കിയും പാകിസ്താനും ധാരണ

Web Desk
2 Min Read

റിയാദ്: യമനിലെ ഹൂതി വിഭാഗം സൗദി അറേബ്യക്കെതിരെ നടത്തുന്ന ഗുരുതര ആക്രമണങ്ങള്‍ക്ക് മറുപടിയായി സംയുക്ത പ്രതിരോധ നടപടികള്‍ സജീവമാക്കാന്‍ മക്ക സഖ്യത്തിലെ അംഗരാജ്യങ്ങള്‍ ധാരണയിലെത്തി.

city exchange

സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കരാര്‍ പ്രകാരം ആവശ്യമായ സൈനികശേഷിയും വിഭവങ്ങളും ലഭ്യമാക്കാനും അവ വേഗത്തില്‍ സൗദിയിലേക്ക് വിന്യസിക്കാനും തീരുമാനിച്ചതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ആക്രമണങ്ങള്‍ക്കും അതിന് ഉത്തരവാദികളായവര്‍ക്കുമെതിരെ പ്രതികരിക്കുന്നതിന്റെ ഭാഗമായി സൈനിക വിന്യാസം സജീവമാക്കാന്‍ അംഗരാജ്യങ്ങള്‍ ധാരണയിലെത്തിയതായി സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാനും വ്യക്തമാക്കി.

അതേസമയം, സൗദിയുടെ പിന്തുണയുള്ള യമന്‍ സര്‍ക്കാര്‍, കഴിഞ്ഞ മാസം ഹൂതികള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഇറാന്റെ പിന്തുണയുള്ള ഹൂതി വിഭാഗത്തിനെതിരെയാണ് സര്‍ക്കാര്‍ സേനയുടെ നീക്കം.

- Advertisement -
Ad image

റിയാദില്‍ ചേര്‍ന്ന മക്ക സഖ്യത്തിന്റെ സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ആന്‍ഡ് ഡിഫന്‍സ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് സംയുക്ത പ്രതിരോധ നടപടികള്‍ നടപ്പാക്കാന്‍ തീരുമാനമായത്.

ഓഗസ്റ്റ് ഏഴിനാണ് സൗദി അറേബ്യ, പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെതിരായ ആക്രമണം മുഴുവന്‍ സഖ്യത്തിനെതിരായ ആക്രമണമായി കണക്കാക്കണമെന്നാണ് കരാറിലെ പ്രധാന വ്യവസ്ഥ. നാറ്റോയുടെ കൂട്ടായ പ്രതിരോധ വ്യവസ്ഥയ്ക്ക് സമാനമാണിത്.

കരാര്‍ നിലവില്‍ വന്നതിനു പിന്നാലെ മക്ക സഖ്യത്തെ ഔപചാരികമായി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും ഓരോ രാജ്യവും ഏറ്റെടുക്കേണ്ട സൈനിക, പ്രതിരോധ ബാധ്യതകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നില്ല.

ഹൂതികള്‍ സെപ്റ്റംബര്‍ ആദ്യം സൗദി അറേബ്യ ലക്ഷ്യമിട്ട് തുടര്‍ച്ചയായി മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ, സൗദിക്കെതിരായ ആക്രമണം കരാര്‍ സജീവമാക്കുന്നതിന് കാരണമാകുമെന്ന് പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കിയിരുന്നു.

യമനിലെ സംഘര്‍ഷം സൗദിയിലേക്ക് വ്യാപിക്കുന്ന സാഹചര്യമുണ്ടായാല്‍ മക്ക കരാര്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പാകിസ്താന്‍ മാധ്യമമായ ജിയോ ന്യൂസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ഇതുവരെ കരാര്‍ പ്രകാരമുള്ള സൈനിക നടപടി സ്വീകരിച്ചിരുന്നില്ല. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥരുടെ നിലപാട് തുടരാന്‍ പാകിസ്താനും തുര്‍ക്കിയും താത്പര്യപ്പെടുന്നതാണ് ഇതിന് ഒരു കാരണമെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തല്‍.

അതേസമയം, യമനിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് മൂന്ന് രാജ്യങ്ങളും ഇപ്പോള്‍ സംയുക്ത പ്രതിരോധ നടപടികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അംഗരാജ്യങ്ങളുടെ നിയമങ്ങള്‍ക്കും നേരത്തെ അംഗീകരിച്ച സംവിധാനങ്ങള്‍ക്കും അനുസൃതമായിട്ടായിരിക്കും പ്രതിരോധ ബാധ്യതകള്‍ നടപ്പാക്കുകയെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന യുദ്ധമുള്‍പ്പെടെ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ് മക്ക പ്രതിരോധ സഖ്യം രൂപീകരിച്ചത്.

2026ലെ ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ് പ്രകാരം മൂന്ന് സഖ്യരാജ്യങ്ങള്‍ക്കുമായി ഏകദേശം 14 ലക്ഷം സജീവ സൈനികരും 3,400 സൈനിക വിമാനങ്ങളും 6,000 ടാങ്കുകളും 340-ലധികം നാവിക സംവിധാനങ്ങളും ഉണ്ട്.

Share This Article
Leave a Comment
error: Content is protected !!