

കൊച്ചി: എയ്ഡഡ് സ്‌കൂള്‍, കോളേജ് അധ്യാപകരുടെ ശമ്പള ബില്ലുകള്‍ ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ മാര്‍ക്ക് ട്രഷറികളില്‍ നേരിട്ട് സമര്‍പ്പിച്ച് മാറാനുള്ള അധികാരം റദ്ദാക്കി ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ എ എം എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പുതിയ ഉത്തരവ് പ്രകാരം എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ ശമ്പളം മാറാന്‍ ബില്ലുകള്‍ എ ഇ ഒക്കും ഹൈസ്‌കൂളുകളിലേതിന് ഡി ഇ ഒക്കും ഹയര്‍സെക്കന്‍ഡറികളിലേതിന് ആര്‍ ഡി ഡിമാര്‍ക്കും എയ്ഡഡ് കോളേജുകളിലേതിന് ബന്ധപ്പെട്ട ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍ പ്രിന്‍സിപ്പല്‍മാര്‍ സമര്‍പ്പിച്ച് ഡിജിറ്റല്‍ മേലൊപ്പ് വാങ്ങിയ ശേഷം ആയിരിക്കണം ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടത്.

ധനവകുപ്പിന്റെ ഉത്തരവ് ഫലത്തില്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം വൈകാന്‍ വഴിവെക്കും.
നിയമ തടസ്സങ്ങളോ മറ്റ് സാങ്കേതിക പ്രശ്‌നങ്ങളോ ഇല്ലാതെ വളരെ സൗകര്യപ്രദമായ രീതിയില്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ നടന്നുവന്നിരുന്ന ശമ്പള വിതരണം അനിശ്ചിതമായി വൈകിപ്പിക്കുന്നതും കൂടുതല്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതുമായ പുതിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് കെ എ എം എ സംസ്ഥാന പ്രസിഡണ്ട് എ എ ജാഫര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍ എന്നിവര്‍ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

