മാഹി മലയാള കലാഗ്രാമം സ്ഥാപകന്‍ എ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Web Desk
1 Min Read

തലശ്ശേരി: മാഹി മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായിയുമായ എ പി കുഞ്ഞിക്കണ്ണന്‍ (94) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു.

city exchange

ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന എ പി കുഞ്ഞിക്കണ്ണന്‍ തലശ്ശേരി ചൊക്ലി മേനപ്ര ആക്കൂല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റേയും ചിരുതയുടേയും മകനായി 1928 ഡിസംബര്‍ ഒന്‍പതിനാണ് ജനിച്ചത്. ദാരിദ്ര്യത്തെ തുടര്‍ന്ന് ജോലി തേടിയാണ് മദിരാശിയിലേക്ക് പോയത്. സെന്‍ട്രല്‍ സ്‌റ്റേഷനു സമീപം ഹോട്ടലില്‍ ജോലിക്കാരനായാണ് ജീവിതം ആരംഭിച്ചത്.

മദ്രാസ് ഹാര്‍ബര്‍, റെയ്‌സ്‌കോഴ്‌സ്, ആര്‍മി ക്യാമ്പ് എന്നിവിടങ്ങളില്‍ ക്യാന്റീന്‍ ആരംഭിച്ചതോടെ വ്യാപാര രംഗത്ത് ശ്രദ്ധേയനായി. പിന്നീട് വെസ്റ്റേണ്‍ ഏജന്‍സീസ് എന്ന സ്ഥാപനം ആരംഭിച്ചു.

- Advertisement -
Ad image

സാഹിത്യത്തിലും രാഷ്ട്രീയത്തിലുമുള്ള നിരവധി പേരുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന എ പി കുഞ്ഞിക്കണ്ണന്‍ ക്ലാസിക്ക് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് 1993ല്‍ മയ്യഴിപ്പുഴയോരത്തെ കൊച്ചിന്‍ ഹൗസ് വാങ്ങി മാഹി മലയാള കലാഗ്രാമമാക്കിയത്.

തരിശുനിലമായിരുന്ന ഊത്തുകോട്ടയില്‍ മാവുകള്‍ നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കിയ അദ്ദേഹം പ്രകൃതി സ്‌നേഹി കൂടിയായിരുന്നു. ചെന്നൈയിലെ കലാ- സാംസ്‌ക്കാരിക രംഗത്തും നിറഞ്ഞ സാന്നിധ്യമായിരുന്നു.

എ പി കുഞ്ഞിക്കണ്ണന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11 മണി വരെ കോടമ്പാക്കത്ത് അശോക് അവന്യൂവില്‍ 19/10 നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിന് ശേഷം റോഡുമാര്‍ഗ്ഗം തലശ്ശേരിയില്‍ ചൊക്ലിയിലെ തറവാട്ടു വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ചൊക്ലിയിലെ ആക്കൂല്‍ വീട്ടുവളപ്പില്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!