
കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘സര്‍ക്കാരു വാരി പാട്ട’യുടെ ചിത്രീകരണം പൂര്‍ത്തിയായി. തൊട്ട് പുറകെ ഒരേ ദിവസം തന്നെ ചിത്രത്തിന്റെ റീലീസ് തിയ്യതിയും നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു. മെയ് 12ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

കോവിഡ് മഹാമാരി സൃഷ്ടിച്ച ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നിരവധി തവണ ചിത്രീകരണം മുടങ്ങുകയും റീലീസ് പദ്ധതികള്‍ മാറ്റി വേക്കേണ്ടിയും വന്നിരുന്നു. പോയ വര്‍ഷം ഓഗസ്റ്റ് ഒന്‍പതാം തിയ്യതി മഹേഷ് ബാബുവിന്റെ ജന്മദിന നാളില്‍ ‘സര്‍ക്കാരു വാരി പാട്ട ബര്‍ത്ത്‌ഡേയ് ബ്ലാസ്റ്റര്‍’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ വീഡിയോ പുറത്തിറക്കിയത്. അതേ ടീസര്‍ വീഡിയോയില്‍ 2022 ജനുവരി 13നായിരുന്നു ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുകയും ചിത്രത്തിന്റെ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടായിരുന്ന ഏതാനും രംഗങ്ങള്‍ നീണ്ടുപോകുകയും റീലീസ് തിയ്യതി വിഷയത്തില്‍ അനിശ്ചിതത്വം നേരിടുകയുമായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.


പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജി എം ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യയില്‍ മൊത്തം വന്‍ വിജയമായി മാറിയ ‘ഗീത ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാരു വാരി പാട്ട. ഏകദേശം രണ്ടര വര്‍ഷത്തിന് ശേഷമാണ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ഒരു ചിത്രം തിയേറ്ററുകളില്‍ ഇതോട് കൂടി റീലീസ് ആകാന്‍ പോകുന്നത്.
2020 പൊങ്കല്‍ സീസണില്‍ തിയേറ്ററുകളില്‍ എത്തി വമ്പന്‍ വിജയം കൈവരിച്ച ‘സരിലേരു നീക്കേവരു’ ആണ് അവസാനമായി തിയേറ്ററുകളില്‍ എത്തിയ മഹേഷ് ബാബു ചിത്രം. അവസാനമായി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ഭരത് അനെ നേനു, മഹര്‍ഷി, സരിലേരു നീക്കേവരു എന്നീ മൂന്ന് ചിത്രങ്ങളും മെഗാ വിജയങ്ങള്‍ ആക്കി ഹാട്രിക് വിജയക്കുതിപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു കോവിഡ് പ്രതിസന്ധി ഇത്രയും വല്യ ഒരു ഇടവേള മഹേഷ് ബാബുവിന്റെ കരിയറില്‍ സൃഷ്ടിച്ചത്.
ആയിരം കോടി പിന്നിട്ട് ബോക്‌സ് ഓഫീസില്‍ മഹാവിജയ ജൈത്രയാത്ര ഇപ്പോഴും തുടരുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ആര്‍ ആര്‍ ആര്‍’ന്റെ റിലീസിന് തൊട്ടുപിന്നാലെ ചിത്രത്തിന്റെ സംവിധായകനും ഇന്ത്യന്‍ സിനിമയുടെ ഷോമാനുമായ എസ് എസ് രാജമൗലി തന്റെ അടുത്ത മെഗാ ബജറ്റ് ചിത്രം മഹേഷ് ബാബുവിനെ നായകനാക്കി പ്രഖ്യാപിചതിന്റെ ആവേശത്തില്‍ മഹേഷ് ബാബു ആരാധകര്‍ നില്‍ക്കുമ്പോള്‍ ആണ് തൊട്ട് പിന്നാലെ ഈ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനവുമായി അടുത്ത സന്തോഷ വാര്‍ത്തയും അവര്‍ക്കായി എത്തിയിരിക്കുന്നത്.
കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. കീര്‍ത്തിയെ കൂടാതെ പുതുമുഖ നടിയായ സൗമ്യ മേനോനും ചിത്രത്തില്‍ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ട് നായികമാരും മലയാളികള്‍ ആണെന്ന പ്രത്യേകത കൂടി ഉണ്ട്. ഇവര്‍ക്ക് പുറമെ വെണ്ണല കിഷോര്‍, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയ പ്രമുഖ തെന്നിന്ത്യന്‍ നടന്മാരും ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
എസ് തമന്‍ സംഗീതം നല്‍കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മധിയാണ് നിര്‍വ്വഹിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍: രാജ് കുമാര്‍, ചിത്രസംയോജനം: മാര്‍ത്താണ്ഡ് കെ വെങ്കിടേഷ്, കലാസംവിധാനം: എ എസ് പ്രകാശ്, സംഘട്ടനം: റാം- ലക്ഷ്മണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിജയ റാം പ്രസാദ്, സി ഇ ഒ: ജെറി ചന്തു, വി എഫ് എക്‌സ്: യുഗന്ധര്‍ ടി, വാര്‍ത്താ പ്രചരണം: പി ശിവപ്രസാദ്.

