
ദോഹ: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും മലബാറിന്റെ തനതായ രുചിവൈവിധ്യങ്ങളും പ്രവാസമണ്ണില്‍ പുനരാവിഷ്‌കരിച്ച് ഖത്തറിലെ കേരളപ്പിറവി ആഘോഷത്തില്‍ ശ്രദ്ധേയ സാന്നിധ്യമായി മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ മജസ്റ്റിഖ് മലപ്പുറം. ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മജസ്റ്റിഖ് ഒരുക്കിയ പരമ്പരാഗത ഭക്ഷണ കൗണ്ടര്‍ സന്ദര്‍ശകരുടെ വന്‍ തിരക്കിലും ജനപങ്കാളിത്തത്തിലും ഏറെ ശ്രദ്ധേയമായി.

മലപ്പുറത്തിന്റെ തനതായ രുചികളും പാചകപാരമ്പര്യവും പ്രവാസികള്‍ക്കും ഇതര ദേശക്കാരായ ഭക്ഷണപ്രേമികള്‍ക്കും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മജസ്റ്റിഖ് ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിലാണ് ഭക്ഷണ കൗണ്ടര്‍ ഒരുക്കിയത്. സംഘടനയിലെ വനിതകളുടെ കൂട്ടായ്മയും ആത്മാര്‍ഥമായ പരിശ്രമവും പാചകമികവും ഒത്തുചേര്‍ന്നപ്പോള്‍ അത് വെറുമൊരു ഭക്ഷണ കൗണ്ടര്‍ എന്നതിലുപരി മലപ്പുറത്തിന്റെ രുചിപ്പെരുമയും സംസ്‌കാരവും വിളിച്ചോതുന്ന മനോഹരമായ അനുഭവമായി മാറി.

മലപ്പുറത്തിന്റെ അടുക്കളകളില്‍ തലമുറകളായി കൈമാറിവരുന്ന പരമ്പരാഗത വിഭവങ്ങളാണ് കൗണ്ടറിന്റെ പ്രധാന ആകര്‍ഷണമായത്. തനിനാടന്‍ തേങ്ങാച്ചോറും ബീഫ് കറിയും, പത്തിരിയും കോഴിക്കറിയും, മലബാര്‍ ബിരിയാണി, കലത്തപ്പം, ചട്ടിപ്പത്തിരിയും പെട്ടിപ്പത്തിരിയും, കായ്‌പ്പോള, അരിമണി ചായ, ഇറച്ചിയും പൂളയും തുടങ്ങി വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഒരുക്കിയിരുന്നു.
ഓരോ വിഭവവും മലപ്പുറത്തിന്റെ തനതായ പാചകരീതിയുടെയും ഭക്ഷണസംസ്‌കാരത്തിന്റെയും ഓര്‍മ്മപ്പെടുത്തലായി. വീട്ടുരുചിയുടെ തനിമയും നാടന്‍ വിഭവങ്ങളുടെ ഗുണമേന്മയും ഒത്തുചേര്‍ന്ന ഭക്ഷണ കൗണ്ടറിലേക്ക് തുടക്കം മുതല്‍ തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

