
കോഴിക്കോട്: മലബാറിലെ വ്യവസായികള്‍ക്ക് ദുബായിലും അവിടെ നിന്നുള്ളവര്‍ക്ക് മലബാറിലും സംരംഭം തുടങ്ങുന്നതിനും പരസ്പര സഹായം ഉറപ്പിച്ച് മലബാര്‍ ചേംബറും ദുബൈയിലെ സംരംഭകരുടെ സംഘടനയായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷനുമായി (എ പി എ) ധാരാണ പത്രത്തില്‍ ഒപ്പു വെച്ചു.
ഇരു സംഘടനയിലെയും അംഗങ്ങള്‍ക്ക് സര്‍ക്കാറുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തുടങ്ങി മറ്റ് ആവശ്യമായ എല്ലാ സഹായവും ഈ ധാരണ പ്രകാരം ചെയ്ത് കൊടുക്കാന്‍ ഉറപ്പിച്ചതായി മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ധാരണ പത്രം പ്രകാരം ഐ പി എ പ്രതിനിധികളും മലബാര്‍ ചേംബറിലെ പ്രതിനിധികളും കൂടി ചേര്‍ന്ന് ഒരു വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു. ഔദ്യോഗിക ആവശ്യങ്ങളും ചര്‍ച്ചകളും
ഈ കമ്മിറ്റി വഴിയാകും നടത്തുക. ഐ പി എ ചെയര്‍മാന്‍ വി കെ ഷംസുദ്ദീന്റെ നേതൃത്തിലായിരുന്നു ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്‌സുമായി നടത്തിയ ചര്‍ച്ച. ദുബായിലെ ഐ പി എ അംഗങ്ങള്‍ മലബാര്‍ ചേംബറില്‍ അംഗത്വമെടുക്കാനും ധാരണയായി. ഇതിനുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ആരംഭിച്ചു.

ദുബായിലെ മലയാളി വ്യവസായികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഇതുവഴി ലഭ്യമാകും. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സുമായി നടത്തിയ കൂടികാഴ്ചയില്‍ ദുബായില്‍ ഡിസംബറില്‍ നടക്കുന്ന ചേംബര്‍ ഓഫ് കൊമേഴ്‌സുകളുടെ സമ്മേളനത്തില്‍ മലബാര്‍ ചേംബറിന് പങ്കെടുക്കാനുള്ള ക്ഷണവും ലഭിച്ചു. മലബാറിലേക്ക് കൂടുതല്‍ വികസന സാധ്യതകള്‍ക്ക് വഴി തുറക്കാന്‍ ഈ അവസരം വിനിയോഗിക്കാനാകുമെന്ന് മലബാര്‍ ചേംബര്‍ സെക്രട്ടറി
എം എ മെഹബൂബ് പറഞ്ഞു.
ദുബായ് ചേംബര്‍ വൈസ് പ്രസിഡന്റ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ഹസ്സന്‍ അല്‍ ഹാഷ്മി, ഇന്റര്‍ നാഷണല്‍ ഓഫീസുകളുടെ ഡയറക്ടര്‍ ഒമാന്‍ അബ്ദുല്‍ അസീസ് അല്‍ഖാന്‍, ബിസിനസ് റിലേഷന്‍ സീനിയര്‍ മാനേജര്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍, സമീര്‍ നവാനി
എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഇതോടൊപ്പം ദുബായ് ചേംബര്‍ ഉപദേശക സമിതി അംഗം ഡോ. ആസാദ് മൂപ്പനുമായി ചര്‍ച്ച നടത്തി.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനം ത്വരിത ഗതിയിലാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇരു സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. മെഡിക്കല്‍ ടൂറിസത്തിന് കൂടുതല്‍ സാധ്യതകള്‍ കേരളത്തിലുണ്ടെങ്കിലും മാര്‍ക്കറ്റിങ് അപര്യാപ്ത പരിഹരിച്ച് സര്‍ക്കാര്‍- സ്വകാര്യ സംയുക്ത പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന് മലബാര്‍ ചേംബര്‍ വൈസ് പ്രസിഡന്റ് എം നിത്യനാന്ദ് കാമത്ത് പറഞ്ഞു.
യു എ ഇ സന്ദര്‍ശിക്കുന്ന മലയാളികള്‍ക്ക് യാത്ര അനുമതി സംബന്ധിച്ച് എല്ലാ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് നോര്‍ക്ക റൂട്‌സ് വൈസ് പ്രസിഡന്റ് ഒ വി മുസ്ഫയുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് എം പി എം മുബഷീര്‍ പറഞ്ഞു.
ചേംബര്‍ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ്, ഹോ. സക്രട്ടറി എം എ മെഹബൂബ് ഉള്‍പ്പെടെ 10 അംഗമാണ് ദുബായില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ ചേംബര്‍ പ്രസിഡന്റ് കെ വി ഹസീബ് അഹമ്മദ്, ഹോ. സെക്രട്ടറി എം എ മെഹബൂബ്, വൈസ് പ്രസിഡന്റുമാരായ എം നിത്യാനന്ദ് കാമത്ത്, എം പി എം മുബഷീര്‍, മുന്‍ സെക്രട്ടറി ലെഫ്. കേണല്‍ റിട്ട. കെ കെ മനു, പ്രവര്‍ത്തക സമിതി അംഗം കെ. അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

