

ദോഹ: ഒക്ടോബറില്‍ സ്ഥാനമേറ്റ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആദ്യ ഖത്തര്‍ സന്ദര്‍ശനം ജൂലൈ അഞ്ചു മുതല്‍ എട്ടു വരെ നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സന്ദര്‍ശന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദോഹ മലങ്കര ഇടവക വികാരി ഫാ. തോമസ് ഫിലിപ്പോസ്, സഹവികാരി ഫാ. ഗീവര്‍ഗ്ഗീസ് എബ്രഹാം, ജനറല്‍ കണ്‍വീനര്‍ സുനില്‍ കോശി മാത്യു, ഇടവക ട്രസ്റ്റി ഷൈജു ജോര്‍ജ്ജ്, സെക്രട്ടറി സജിമോന്‍ ഒ എം, പബ്ലിസിറ്റി കണ്‍വീനര്‍ ജിജി ജോണ്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അഞ്ചാം തിയ്യതി രാവിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന കാതോലിക്കാ ബാവക്ക് ഊഷ്മള വരവേല്‍പാണ് നല്കുക. ആറാം തിയ്യതി വൈകിട്ട് ആറരയ്ക്ക് ഇടവക വിശ്വാസികളുടെ നേതൃത്വത്തില്‍ ഐ ഡി സി സി കോംപ്ലക്‌സിലെ മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ആഘോഷമായി സ്വീകരിച്ച് ആനയിക്കും.

തുടര്‍ന്ന് ദോഹയിലെ വിവിധ സാമൂഹിക സാംസ്‌കാരിക പ്രതിനിധികള്‍, വിവിധ സാമുദായിക സഭാ മേലധ്യക്ഷന്മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അനുമോദനമൊരുക്കും.
വെള്ളിയാഴ്ച രാവിലെ വിശുദ്ധ ഖുര്‍ബാനയിലും ഖത്തര്‍ ദേവാലയം സ്ഥാപിതമായതിന്റെ 13 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിലും ബാവ പങ്കെടുക്കും.

