ഗവര്‍ണര്‍- ഗവണ്‍മെന്റ് ചക്കളത്തി പോരാട്ടം നാടകം: ഡീന്‍ കുര്യാക്കോസ് എം പി

Web Desk
1 Min Read

ദോഹ: മുഖ്യമന്ത്രി- ഗവര്‍ണര്‍ ചക്കളത്തി പോരാട്ടം നാടകമാണെന്ന് ഇടുക്കി ലോക്സഭാംഗവും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡീന്‍ കുര്യാക്കോസ്. സ്വകാര്യ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ഡീന്‍ ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടേയുമൊക്കെ അധികാര പരിധികള്‍ എന്തൊക്കെയൊണെന്നും എവിടെ വരെയാണെന്നും ഭരണഘടനയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഓവര്‍ ആക്ടിവിസത്തിലേക്ക് പോകാനുള്ള കാരണം പൊതുകാര്യങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള പരിപാടികള്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലകപ്പെടുന്ന ഘട്ടങ്ങളിലൊക്കെ ഗവര്‍ണര്‍ വിവാദങ്ങളുമായി രംഗത്തെത്തി സര്‍ക്കാറിനെ രക്ഷപ്പെടുത്താന്‍ രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണറും ഗവണ്‍മെന്റും തമ്മിലുള്ള വടംവലിയില്‍ ഒരിടത്തും അത് തീര്‍പ്പിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

കേരള സര്‍ക്കാര്‍- ഗവര്‍ണര്‍ പോരില്‍ കെ പി സി സിക്ക് ഒരു നിലപാടും എ ഐ സി സിക്ക് മറ്റൊരു നിലപാടും പ്രതിപക്ഷ നേതാവിന് വേറൊരു നിലപാടുമെന്നില്ല. കേരളത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നുള്ള ഏതെങ്കിലുമൊക്കെ സ്ഥാപിത താത്പര്യക്കാര്‍ മാത്രമല്ലാതെ പാര്‍ട്ടി വിട്ടുപോയിട്ടില്ല. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തും അധികാരത്തിലിരിക്കണമെന്നൊന്നുമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. എല്ലാ സമയത്തും പാര്‍ട്ടിക്ക് കൃത്യമായ ഐഡിയോളജിയുണ്ട്. രാഹുല്‍ ഗാന്ധി 3500 കിലോമീറ്ററിലധികം നടക്കുകയാണ്. അതിനര്‍ഥം വലിയ ഭരണമാറ്റം രാജ്യത്ത് ഉണ്ടായേ തീരു എന്നുള്ളതാണ്. രാഹുലിന്റെ ഭാരത് ജോഡോ യാത്രയുടെ യഥാര്‍ഥ വശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും ശരിയായ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരികയും ചെയ്യുമെന്നാണ് വിശ്വാസമെന്നും ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.

ശശി തരൂര്‍ എം പി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സമുന്നതനും മികച്ച തലയെടുപ്പുമുള്ള നേതാവാണ്. സ്വാഭാവികമായും മത്സര രംഗത്തുണ്ടാകുമ്പോള്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നും അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം പാര്‍ട്ടി നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് എം പി വിശദമാക്കി.

Share This Article
Leave a Comment
error: Content is protected !!