

ആലുവ: കുഷ്ഠരോഗ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി ആലുവ നഗരസഭയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഹാളില്‍ പരിശീലനം നല്‍കി.
ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ എം പി സൈമണ്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ജെയിംസ് പി പി, ഡീന ഷിബു എന്നിവര്‍ പങ്കെടുത്തു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്റെ പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഷൈനി ചാക്കോ വിരവിമുക്തദിനത്തെകുറിച്ച് ക്ലാസ്സെടുത്തു.
കുഷ്ഠരോഗ നിര്‍ണ്ണയത്തിന്റെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തി കുഷ്ഠരോഗ ലക്ഷണമുള്ളവരെ കണ്ടെത്തി ആലുവ ജില്ലാ ആശുപത്രിയിലെ ത്വക് രോഗ വിദഗ്ധന്റെ സേവനം തേടാന്‍ പ്രേരിപ്പിക്കും. ജനുവരി 18 മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍.

ചര്‍മ്മത്തില്‍ കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, ചൊറിച്ചില്‍ ഇല്ലാത്ത പാടുകള്‍, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, വേദനയില്ലാത്ത ഉണങ്ങാത്ത വ്രണം,
കൈകാലുകള്‍ക്ക് മരവിപ്പ്, ബലക്ഷയം എന്നിവ കുഷ്ഠരോഗലക്ഷണമായേക്കാം.
വായുവിലൂടെ പകരുന്ന രോഗമാണ് കുഷ്ഠം. തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാവുന്ന അസുഖമാണിത്. ആരോഗ്യകേന്ദ്രങ്ങള്‍ വഴി രോഗത്തിനുള്ള ചികിത്സ സൗജന്യമായി നല്‍കി വരുന്നു.
ക്യാമ്പയിന്റെ ഭാഗമായി ഭവനങ്ങള്‍ സന്ദര്‍ശിക്കുന്ന സന്നദ്ധപ്രവര്‍ത്തകരോട് പൂര്‍ണ്ണമായി സഹകരിക്കുവാന്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോര്‍ജ് അറിയിച്ചു. ആശ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, വിവിധ സ്‌കൂളുകളിലെ അധ്യാപക പ്രതിനിധികള്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

