ആശുപത്രി അക്രമങ്ങളില്‍ തക്കതായ ശിക്ഷ ലഭിക്കാത്തതാണ് അത് തുടരാന്‍ കാരണം: ഐ എം എ ഭാരവാഹികള്‍

Web Desk
2 Min Read

ദോഹ: കേരളം പോലെ സാംസ്‌ക്കാരികമായി മുന്നേറിയ ഒരു പ്രദേശത്ത് ആശുപത്രി അക്രമങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, തക്കതായ ശിക്ഷ കിട്ടാത്തതാണ് ഇത്തരം അക്രമങ്ങള്‍ തുടരുന്നതെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജോസഫ് ബെനവേയും നിയുക്ത പ്രസിഡന്റ് ഡോ. എം എന്‍ മേനോനും പറഞ്ഞു. ഐ എം എയുടെ ബ്രാഞ്ച് യോഗവുമായി ബന്ധപ്പെട്ട് ഖത്തറിലെത്തിയ ഇരുവരും ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു.

city exchange

ജി സി സി രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഏഴ് ബ്രാഞ്ചുകളാണ് ഉള്ളത്. മസ്‌ക്കത്തിലാണ് ആദ്യ ബ്രാഞ്ചിന് തുടക്കമിട്ടത്. പിന്നീട് എല്ലാ ജി സി സി രാജ്യങ്ങളിലും ബ്രാഞ്ചുകള്‍ ആരംഭിക്കുകയായിരുന്നു.

ഇന്ത്യയില്‍ ദേശീയ തലത്തില്‍ 4.2 ലക്ഷത്തോളം അംഗങ്ങളുള്ള ഐ എം എ ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ്. കേരളത്തില്‍ 117 ബ്രാഞ്ചുകളിലായി നാല്‍പ്പത്തിയെട്ടായിരത്തോളം അംഗങ്ങളാണുള്ളത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളം അംഗസംഖ്യയില്‍ രണ്ടാം സ്ഥാനത്തും മറ്റു പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലുമാണ് നില്‍ക്കുന്നത്.

ആശുപത്രി അക്രമങ്ങളെ കുറിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐ എം എ പഠനം നടത്തുകയും രൂപരേഖ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആശുപത്രികളില്‍ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസ്ഥ ഉണ്ടാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ ബാഹുല്യവും അതിനു അനുസരിച്ച് ജീവനക്കാര്‍ ഇല്ലാത്തതുമാണ് ആശുപത്രിയില്‍ കൃത്യമായി ജോലി ചെയ്യാന്‍ സാധിക്കാത്തതിന് പ്രധാന കാരണം. രോഗികള്‍ക്കനുസരിച്ച് ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരേയും നിയമിച്ച് ആശ്വാസം പകരാന്‍ സാധിച്ചാല്‍ വലിയ സമാധാനമുണ്ടാകും.

- Advertisement -
Ad image

വന്ദനാ ദാസിന്റെ കൊലപാതകത്തിന് ശേഷം നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായിട്ടുണ്ടെങ്കിലും കോടതി ആവശ്യപ്പെട്ട നടപടികള്‍ പൂര്‍ത്തിയായി വരുന്നേ ഉള്ളുവെന്നും ഇരുനേതാക്കളും അറിയിച്ചു.

കാലം മാറുന്നതിന് അനുസരിച്ച് മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധന ഉണ്ടാകുന്നത് മെഡിക്കല്‍ പഠനം നടത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നും സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പലതിലും ക്ലാസുകളില്‍ കുട്ടികള്‍ കുറവാണെന്നും അവര്‍ പറഞ്ഞു. ഫീസിന് പുറമേ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വിദ്യാര്‍ഥികളെ ബാധിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.

ഡോക്ടര്‍മാരോട് പൊതുജനങ്ങള്‍ക്കുള്ള മനോഭാവം മാറേണ്ടതുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ ഡോക്ടര്‍മാരും ആശുപത്രികളും സുരക്ഷിതമാവുകയുള്ളു.

ഐ എം എ ഗോസ് ഇക്കോ ഫ്രന്റ്‌ലി എന്ന ഇമേജ് പദ്ധതി പ്രകാരം ആശുപത്രികളിലെ ജൈവമാലിന്യങ്ങള്‍ ഐ എം എ കൈകാര്യം ചെയ്യുന്നുണ്ട്. ശാസ്ത്രീയമായ രീതിയില്‍ ജൈവമാലിന്യങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗബാധ വര്‍ധിക്കും. ഇതിന് സര്‍ക്കാറിന് പദ്ധതിയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഐ എം എ ഇമേജുമായി മുന്നോട്ടു വരികയും ഭംഗിയായി നടത്തുകയും ചെയ്യുന്നത്. പാലക്കാടുള്ള ഇമേജ് പ്ലാന്റിലാണ് ജൈവമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നത്. കോവിഡ് മാലിന്യം പോലും ഐ എം എ ഏറ്റെടുത്തിരുന്നു.

പാലിയേറ്റീവ് കെയറിന്റെ ഭാഗമായി വര്‍ഷത്തില്‍ 400 ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതി മൂന്ന് വര്‍ഷമായി നടത്തുന്നുണ്ട്. കേരളത്തിലെ ആരോഗ്യ സംവിധാനം മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതിന ്കാരണം ഡോക്ടര്‍മാരും ചെറുകിട ആശുപത്രികളും ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനങ്ങളാണെന്നും ഇരുവരും പറഞ്ഞു.

എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളജുകള്‍ വരുന്നുണ്ടെങ്കിലും ഈ മെഡിക്കല്‍ കോളജുകള്‍ പൂര്‍ണമായും സജ്ജമാകുന്നതിന് മുമ്പ് പ്രവര്‍ത്തനം തുടങ്ങുന്നതിനാല്‍ ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

കോര്‍പറേറ്റ് ആശുപത്രികളല്ല ചെറിയ ആശുപത്രികളാണ് കേരള ആരോഗ്യ മാതൃകയ്ക്ക് പ്രധാന കാരണമായത്. ചെറിയ രോഗത്തിന് പോലും വലിയ ആശുപത്രികളില്‍ ചികിത്സിക്കുന്നതിന് പകരം കുടുംബ ഡോക്ടര്‍ എന്ന സങ്കല്‍പത്തെ ആശ്രയിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!