Special
മലമ്പനി; പ്രതിരോധമാണ് മുഖ്യം
മനുഷ്യരിലും മൃഗങ്ങളിലും അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകള്‍ പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ.
സാധാരണഗതിയില്‍ രോഗബാധയുണ്ടായി 825 ദിവസങ്ങള്‍ക്കു ശേഷമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത്. തലവേദന, പനി, വിറയല്‍, സന്ധിവേദന, ഛര്‍ദ്ദി പോലുള്ള ലക്ഷണങ്ങളാണ് ആദ്യം കാണപ്പെടുന്നത്. വയറിളക്കം, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുസംഭവിക്കുക, ഓര്‍മ്മക്കുറവ് എന്നീ രോഗലക്ഷണങ്ങളും ചില രോഗികളില്‍ കാണപ്പെടാറുണ്ട്. ഒട്ടുമിക്ക ആളുകളും പനിമൂലമായിരിക്കും ചികിത്സയ്ക്ക് എത്തുന്നത്. മലമ്പനിബാധ കണ്ടുപിടിക്കാനായി പനി ബാധിച്ചവരുടെ രക്ത- സ്മീയര്‍ പരിശോധന നടത്തുന്നതിലൂടെ രോഗം സ്ഥിരീകരിക്കാം.
പനി ബാധിച്ചാല്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും രക്ത പരിശോധന നടത്തി ചികിത്സ തേടാനും ഒരിക്കലും മടിക്കരുത്. മുന്‍കൂട്ടി രോഗം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയും.
കൊതുകുകള്‍ വളരാന്‍ കാരണമാകുന്ന എല്ലാ സ്രോതസ്സുകളും നശിപ്പിക്കുക എന്നതാണ് പ്രതിരോധ മാര്‍ഗത്തിലെ ആദ്യ പടി. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ശുദ്ധജലം കെട്ടി നില്‍ക്കുന്ന ഇടങ്ങളില്‍ ‘ടെമിഫോസ്’ കീടനാശിനി തളിച്ചും ജൈവ നിയന്ത്രണ ഭാഗമായി കിണറുകളില്‍ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിച്ചും കൊതുകുകളെ നിയന്ത്രിക്കാം.
രോഗത്തെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ജനങ്ങള്‍ക്ക് അവബോധം നല്‍കുന്ന ബോധവത്കരണവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
തയ്യാറാക്കിയത്:
ഡോ. ദിപിന്‍കുമാര്‍ പി യു
കണ്‍സല്‍ട്ടന്റ് – ജനറല്‍ മെഡിസിന്‍,
ആസ്റ്റര്‍ മിംസ്, കോഴിക്കോട്