

കോഴിക്കോട്: വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം നടത്തുമ്പോള്‍ മെഡിക്കല്‍ കോളേജ് സാവിയോ സ്കൂളില്‍ നിന്നും വിരമിച്ച ചിത്രകലാ അധ്യാപകന് ദേവസ്യ ദേവഗിരി വീട്ടിലെ ആര്‍ട്ട് ഗ്യാലറിയില്‍ ചെയ്ത് തീര്‍ത്തത് സ്വാതന്ത്ര്യത്തിന്റെ ചരിത്ര രേഖകള്‍ ഉള്‍പ്പെടുത്തിയ ഗാന്ധിജിയുടെ ഛായാചിത്രം.

5 അടി ഉയരവും 3 അടി വീതിയിലുമായി ഒറ്റ ക്യാന്‍വാസിലെ ഛായാചിത്രത്തില്‍ 1857 മുതല്‍ 1947 വരെ 90 വര്‍ഷത്തെ സ്വാതന്ത്ര്യ സമരത്തിലെ വിവിധ സംഭവങ്ങളാണ് സൂക്ഷ്മതയില്‍ തെളിയുന്നത്. ഗാന്ധിജിയുടെ യൗവന കാലം, ഉപ്പ് സത്യഗഹം, ദണ്ഡി യാത്ര, കസ്തൂര്ഭയോടൊപ്പം തുടങ്ങി ചര്‍ക്കയില്‍ നൂല് നൂല്ക്കുന്നതും ജാലിയന്‍ വാലാബാഗും നെഹ്റു, ശ്രീനാരായണ ഗുരു തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ച ഉള്‍പ്പെടെ ആയിരത്തിലെറെ ചിത്രങ്ങള്‍ കൂട്ടിയിണക്കിയത് വരകളില്‍ കാണാം. ചിത്രത്തിനോട് കൂടുതല്‍ അടുത്ത് നില്‍ക്കുമ്പോഴാണ് വരച്ചത് എന്ത് എന്ന് വ്യക്തമാകുക. ദൂരെ നിന്ന് ഗാന്ധിയുടെ മുഖം മാത്രമായി മനസിലാക്കാം.

അക്രിലിക്ക് പെയിന്റിംഗില്‍ കത്തി ഉപയോഗിച്ച് മൂന്ന് ആഴ്ച കൊണ്ടാണ് ഈ ചിത്രം പൂര്‍ത്തീകരിച്ചത്. ആദ്യം പെന്‍സില്‍ കൊണ്ട് രേഖാ ചിത്രം വരച്ചു, അതിന് ശേഷം അതില്‍ കത്തികൊണ്ട് അക്രിലിക്കില്‍ ഡിസൈന്‍ ചെയ്തു.
ഗാന്ധിജിയെ വേറിട്ട രീതിയില്‍ ദേവസ്യ ദേവഗിരിയുടെ വരകളില്‍ വിരിയുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ 250ഓളം ഗാന്ധിത്തലയുടെ ചിത്രങ്ങളില്‍ ഗാന്ധിയുടെ വിവിധ മുഖഭാവങ്ങള്‍ ഓയില്‍ പെയിന്റിംഗില്‍ വരച്ചു. ഈ ഛായാചിത്രത്തിന് ഗാന്ധി ദര്‍ശന്റെ 2021ലെ ഗാന്ധി സ്മൃതി അവാര്‍ഡ് ലഭിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി പഥം പരിപാടിയില്‍ 200 മീറ്റര്‍ ഒറ്റ ക്യാന്‍വാസില്‍ ഗാന്ധിജിയുടെ ജീവചരിത്രം വരയ്ക്കാന്‍ ചിത്രകാരന്മാരില് ദേവസ്യ ദേവഗിരിയ്ക്കും അവസരം ലഭിച്ചു.
ഗാന്ധി വരയില്‍ ഒതുങ്ങുന്നില്ല ദേവസ്യ ദേവഗിരിയുടെ ഗാന്ധിജിയോടുള്ള ആരാധന. ക്രിസ്ത്യന്‍ കോളജടക്കമുള്ള ഏതാനും കലാലയങ്ങളില്‍ ഗാന്ധി പ്രതിമയും നിര്‍മ്മിച്ചിട്ടുണ്ട്. ഗാന്ധിജി ഉള്‍പ്പെടെ ജീവിതത്തില്‍ സ്വാധീനിക്കുന്ന 1007ഓളം പ്രശസ്തരുടെ മുഖം 27 മീറ്റര്‍ പേപ്പറില്‍ വരച്ച് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡിലും ഇടം നേടി.
എന്തുകൊണ്ട് വ്യത്യസ്ഥമായ ഗാന്ധി ചിത്രം എന്ന ചോദ്യത്തിന് പുസ്തകളില്‍ വായിച്ച മഹാന്മാരെ വേറിട്ട വരകളിലൂടെ അവതരിപ്പിക്കുക അതുവഴി പുതിയ തലമുറയിലേക്ക് ഇവരുടെ സംഭാവനകള്‍ ഓര്‍ക്കുക എന്നതാണ് ദേവസ്യ ദേവഗിരിയുടെ ഉത്തരം.
സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ക്ലെ മോഡലിങിലായിരുന്നു ആകര്‍ഷണം. ഗാന്ധിജിയെ നിര്‍മ്മിച്ച് ക്ലാസിലെ സഹപാഠികള്‍ക്ക് സമ്മാനമായി നല്കല് സ്ഥിരം ശീലം. പിന്നീട് ചിത്രരചന പഠിക്കാന്‍ യൂണിവേഴ്സല്‍ ആര്‍ട്സില്‍ ചേര്‍ന്നു. ചിത്രരചന പഠനം പൂര്‍ത്തിയാക്കിയ വേളയില്‍ മുന്‍പ് പഠിച്ച കോടഞ്ചേരി കണ്ണോത്ത് ഹൈസ്ക്കൂളില്‍ ഗാന്ധി ചിത്രവും അന്നത്തെ പ്രധാന അധ്യാപകന് സി എന്‍ വര്‍ക്കിയുടെ ഛായാചിത്രം സമ്മാനമായി നല്കി. ഇത് അനാഛാദനം ചെയ്യാനെത്തിയ അന്നത്തെ ദേവഗിരി കോളേജ് മാനേജര്‍ മാത്യൂ ചാലിലും തലശ്ശേരി ബിഷപ്പ് സെബാസ്റ്റ്യന്‍ വെള്ളോപിള്ളിയും ദേവസ്യയുടെ വരയില്‍ തൃപ്തനായി സേവിയോ സ്കൂളില്‍ ചിത്രകലാ അധ്യാപകനായി നിയമിച്ചു. 34 വര്‍ഷത്തെ സേവനത്തിന് ശേഷം 2018ല്‍ വിരമിച്ചു.
കോഴിക്കോട് ആര്‍ട്ട് ഗ്യാലറി ഉള്‍പ്പെടെ സ്വദേശത്തും വിദേശത്തുമായി നിരവധി ചിത്രപ്രദര്‍ശനത്തിലും ക്യാമ്പുകളിലും പങ്കെടുത്തു. ഡോ. എ പി ജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം, മംഗളം അവാര്‍ഡ്, ജയന് ഫൗണ്ടേഷന് കര്‍മ്മ ശ്രേഷ്ഠ പുരസ്കാരം എന്നിവ ലഭിച്ചു. 2500ഓളം അക്രിലിക്ക്- ഓയില്‍ പെയിന്റിംഗ് ശേഖരമുണ്ട്. ഇപ്പോള്‍ കുന്ദമംഗലം പെരിങ്ങളത്ത് മാറാപ്പിള്ളില്‍ വീടിന്റെ മുകള്‍ നിലയില്‍ ആര്‍ട്ട് ഗ്യാലറി പണിത് ചിത്ര രചനയിലും ശില്പ നിര്‍മ്മാണത്തിലും ഗവേഷണം നടത്തുകയാണ്.
ഭാര്യ ഗ്ലാഡിസ് ദേവസ്യ. മക്കള്‍: റോണി ദേവസ്യ, റെന്നി ദേവസ്യ.

