

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെ അഭീമുഖീകരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മമതാ ബാനര്‍ജി മത്സരിക്കുന്ന ഭവാനിപൂര്‍ ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങളിലും ഒഡിഷയിലെ പിംപ്ലിയിലുമാണ് ഉപതെരഞ്ഞെടുപ്പുകള്‍. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് തുടങ്ങി.

സുരക്ഷ കണക്കിലെടുത്ത് ഭവാനിപൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പദത്തില്‍ തുടരണമെങ്കില്‍ മമതയ്ക്ക് വിജയം അനിവാര്യമാണ്. കൃഷിമന്ത്രി സോവന്‍ദേവ് ചാറ്റര്‍ജിയാണ് മമതയ്ക്കുവേണ്ടി ഭവാനിപൂര്‍ സീറ്റ് ഒഴിഞ്ഞുകൊടുത്തത്. പ്രിയങ്ക ട്രിബ്രവാളാണ് മമതയ്ക്കെതിരായ ബി ജെ പി സ്ഥാനാര്‍ഥി. സി പി എം നേതാവായ ശ്രിജിബ് ബിശ്വാസ് ഇടതു സ്ഥാനാര്‍ഥിയായി രംഗത്തുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. സംസര്‍ഗഞ്ച്, ജംഗിപൂര്‍ എന്നിവരാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലെ മറ്റു മണ്ഡലങ്ങള്‍. ഒക്ടോബര്‍ മൂന്നിലാണ് വോട്ടെണ്ണല്‍.
രാവിലെ ഒന്‍പത് മണിയോടെ ജാംഗിപൂരില്‍ 17.5 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസര്‍ഗഞ്ജില്‍ 16.3 ശതമാനമാണ് പോളിംഗ്. ആദ്യ രണ്ടു മണിക്കൂറിനകം ബബാനിപൂരില്‍ 7.57 ശതമാനം പോളിംഗാണ് ഉണ്ടായത്.
കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് വോട്ടിംഗ് പുരോഗമിക്കുന്നത്.
അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് ബൂത്തുപിടിക്കുന്നെന്ന ആരോപണവുമായി ബി ജെ പി രംഗത്തത്തിയിട്ടുണ്ട്.
ബംഗാളിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലായി 697164 പേരാണ് വോട്ടര്‍മാര്‍.

