

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട യുവതിക്ക് വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. കോട്ടയം കോരുത്തോട് നടുക്ക തര്പ്പയില് അനൂപ് പി. ജോര്‍ജ്ജ് (27) ആണ് ദല്‍ഹിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്.

ഓണ്‍ലൈന്‍ വിവാഹ സൈറ്റുകളില്‍ കയറി പേര് രജിസ്റ്റര്‍ ചെയ്ത അനൂപ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടിക്ക് മെസേജ് അയച്ചു വശത്താക്കുകയായിരുന്നു. മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി പെണ്‍കുട്ടിക്ക് മെസേജ് അയക്കുകയും തുടര്‍ന്ന് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് പല പ്രാവശ്യമായി എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റുകയും എറണാകുളത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നാണ് കേസ്.

പിന്നീട് പരാതിക്കാരി ഫോണില്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതാവുകയും അന്വേഷണത്തില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവാണെന്നും മനസ്സിലാക്കുകയുമായിരുന്നു.
സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെക്ടര്‍ അഖില്‍ കെ പി, സബ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് കുമാര്‍, മണി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഷാജി, എസ് സി പി ഒമാരായ അനീഷ്, വിനോദ്, ഇഗ്നേഷ്യസ്, ഷിഹാബ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ അനൂപിനെ റിമാന്റ് ചെയ്തു.

