

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദഅ്‌വ വിംഗിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അല്‍ ഖുദ്വ ഇസ്ലാമിക് കോഴ്സിന്റെ പ്രഥമ ബാച്ചിന്റെ ഉദ്ഘാടനവും ഓറിയന്റേഷനും നടന്നു.

വ്യക്തി, കുടുംബം, സമൂഹം തുടങ്ങി മനുഷ്യജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും നിറഞ്ഞു നില്‍ക്കുന്ന സമഗ്ര ജീവിതപദ്ധതി എന്ന നിലയില്‍ അതുല്യമാണ് ഇസ്ലാം. ഈ സമഗ്ര- ലളിത- സുന്ദര മതത്തിന്റെ അടിസ്ഥാനപരമായ ആശയങ്ങളെ പ്രമാണികമായി പഠനവിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് അല്‍ ഖുദ്വ കോഴ്‌സ്. ആദ്യം രജിസ്റ്റര്‍ ചെയ്ത മുപ്പത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. വിശ്വാസം, അനുഷ്ഠാനം, കുടുംബം, സമൂഹം തുടങ്ങി നാല് സെമസ്റ്ററുകള്‍ ആയിട്ടാണ് കോഴ്‌സ് നടക്കുക. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഫാക്കല്‍റ്റികളുടെ ക്ലാസുകള്‍ ഉണ്ടായിരിക്കും.


ഉദ്ഘാടന ചടങ്ങില്‍ ഡോ. ജമാലുദ്ധീന്‍ ഫാറൂഖി, ഷമീര്‍ വലിയവീട്ടില്‍, മുജീബ് റഹ്മാന്‍ മദനി, ഡോ. റസീല്‍ മൊയ്തീന്‍ എന്നിവര്‍ സംബന്ധിച്ചു.

