
ദോഹ: ഒ ഐ സി സി ഇന്‍കാസ് പുനഃസംഘടിപ്പിച്ചു തയ്യാറാക്കിയ പുതിയ ഭാരവാഹികളുടെ പട്ടിക കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ റദ്ദാക്കി. ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് പ്രസിഡന്റ് സമീര്‍ ഏറാമലയ്ക്ക് അയച്ച കത്തിലാണ് പുതിയ ഭാരവാഹി പട്ടിക റദ്ദാക്കിയതായി കെ പി സി സി പ്രസിഡന്റ് അറിയിച്ചത്.

കെ പി സി സിയുമായി കൂടിയാലോചന നടത്താതെയും മുന്‍കൂര്‍ അനുമതി തേടാതെയും ഖത്തര്‍ ഒ ഐ സി സി ഇന്‍കാസ് പുനഃസംഘടിപ്പിച്ചുകൊണ്ട് താങ്കള്‍ പുറത്തിറക്കിയ ഭാരവാഹികളുടെ ലിസ്റ്റ് റദ്ദ് ചെയ്തിരിക്കുകയാണെന്ന വിവരം അറിയിച്ചുകൊള്ളുന്നു എന്നാല്‍ അഡ്വ. സണ്ണി ജോസഫിന്റെ കത്തില്‍ പറയുന്നത്.

കെ പി സി സി പ്രസിഡന്റിന്റെ കത്തിന്റെ പകര്‍പ്പ് ജനറല്‍ സെക്രട്ടറിമാരായ പി എം നിയാസിനും അഡ്വ. സോണി സെബാസ്റ്റിയനും നല്‍കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്കു മുമ്പാണ് ഖത്തറിലെ ഒ ഐ സി സി- ഇന്‍കാസ് പുതിയ ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്. എന്നാല്‍ ഭാരവാഹികളില്‍ ചിലര്‍ തന്നെ ഇതിനെതിരെ രംഗത്തു വന്നിരുന്നു.
തദ്ദേശ സ്വയംഭരണ- നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാതലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഒ ഐ സി സി- ഇന്‍കാസ് പുനഃസംഘടിപ്പിക്കുന്നുവെന്നാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് സമീര്‍ ഏറാമലയുടെ ഒപ്പോടു കൂടി പുറത്തിറക്കിയ ലെറ്റര്‍ ഹെഡില്‍ ഉണ്ടായിരുന്നതെങ്കിലും പുനഃസംഘടനയല്ല പുനഃക്രമീകരണമാണ് നടത്തിയതെന്നാണ് പിന്നീട് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ അവകാശപ്പെട്ടത്. ഖത്തറിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ചിലര്‍ക്ക് പകരം മറ്റു ചിലരെ സ്ഥാനങ്ങളിലേക്ക് എടുത്താണ് പുനഃക്രമീകരണം നടത്തിയതെന്നും ശ്രീജിത്ത് എസ് നായര്‍ ആഗോളവാര്‍ത്തയോടു പറഞ്ഞു.
സെപ്തംബര്‍ 16ന് കെ പി സി സി പ്രസിഡന്റ് ഒ ഐ സി സി ഇന്‍കാസ് പ്രസിഡന്റിന് അയച്ച കത്തിലും പുനഃസംഘടന റദ്ദാക്കുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.

